ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ മന്ത്രിക്കും ഭാര്യക്കും തടവും പിഴ ശിക്ഷയും വിധിച്ച കോടതി തീരുമാനത്തിന് പിന്നാലെ അഡ്വക്കേറ്റ് ജനറൽ രാജി വച്ചു. തമിഴ്നാട് അഡ്വക്കേറ്റ് ജനറൽ ആർ ഷണ്മുഖസുന്ദരമാണ് രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ രാജി എന്നാണ് എജി രാജി കത്തിൽ വിശദീകരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് എ ജി രാജിക്കത്ത് കൈമാറി. പുതിയ എ ജിയെ ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഡിഎംകെ സർക്കാർ 2021ൽ അധികാരത്തിലെത്തിയതിന് പിന്നാലെ മുന്‍ സർക്കാർ നിയമിച്ച എ ജിയെ മാറ്റി ആർ ഷണ്മുഖസുന്ദരത്തെ നിയമിക്കണമെന്ന് ശുപാർശ നൽകിയതിന് പിന്നാലെയാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് എത്തിയത്. 2021 മെയ് മാസം മുതൽ വഹിച്ചിരുന്ന പദവിയാണ് ആർ ഷണ്മുഖസുന്ദരം രാജി വച്ചൊഴിയുന്നത്. തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയെ ശിക്ഷിച്ചതോടെ ഡിഎംകെയിൽ എ ജിക്കെതിരെ അമർഷം ശക്തമായിരുന്നു. കേസിൽ കോടതി വെറുതെ വിടുമെന്നായിരുന്നു വിധിക്ക് തലേന്നും എ ജി മന്ത്രിയോട് പറഞ്ഞിരുന്നത്.
ഇതിന് പിന്നാലെ കോടതി ശിക്ഷ വിധിച്ചതോടെ പൊന്മുടി സ്റ്റാലിനെ കണ്ട് നീരസം അറിയിച്ചിരുന്നു. മന്ത്രിയും ഭാര്യയും അഴിമതി നിരോധന നിയമപ്രകാരം കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ശിക്ഷാ വിധിയോടെ മന്ത്രി എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനായിരുന്നു. 2006നും 2010-നും ഇടയിൽ മന്ത്രിയായിരിക്കെ പൊന്മുടി രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.