ചിത്രദുർഗ (Chithradurga): കർണാടക ചിത്രദുർഗയിലെ ഹോരപ്പേട്ടയിലാണ് സംഭവം. ഹൃദയസ്പർശിയായതും എന്നാൽ പരമ്പരാഗത സങ്കൽപ്പങ്ങളെ തകർത്തെറിഞ്ഞതുമായ ഒരു ചടങ്ങിൽ, യുവാവ് തന്റെ 2 ഉറ്റ സുഹൃത്തുക്കളായ യുവതികളെ വിവാഹം കഴിച്ചു. ഹോരപ്പേട്ട സ്വദേശിയായ 25 കാരൻ വസീം ഷെയ്ഖാണ് തന്റെ അടുത്ത സുഹൃത്തുക്കളായ ഷിഫ ഷെയ്ഖ്, ജന്നത്ത് മഖന്ദർ എന്നിവരെ വിവാഹം ചെയ്തത്.
2025 ഒക്ടോബർ 16ന് ഒരേ വിവാഹവേദിയിൽ വച്ചായിരുന്നു വിവാഹം. വർഷങ്ങളുടെ സൗഹൃദത്താൽ ഒന്നിച്ച ഈ മൂവർ സംഘം, ഒരുമിച്ച് ദാമ്പത്യ ജീവിതം നയിക്കാൻ തീരുമാനിക്കുകയായിരുന്നു. ചിത്രദുർഗയിലെ എം കെ പാലസ് വേദിയിൽ ആഡംബരമായി നടന്ന ചടങ്ങിൽ ഒരുപോലുള്ള വേഷമണിഞ്ഞ യുവതികളുടെ കൈപിടിച്ച് വസീം വിവാഹത്തിന് സമ്മതം അറിയിച്ചു.
പാരമ്പര്യവും ആധുനിക പ്രണയവും സമന്വയിപ്പിച്ച ഈ ചടങ്ങിൽ വൈകാരികമായ പ്രതിജ്ഞകളും കുടുംബാംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സന്തോഷകരമായ ആഘോഷങ്ങളും അരങ്ങേറി. ചടങ്ങുകൾക്കിടെ വരൻ രണ്ട് യുവതികളുടെ കൈകൾ പിടിക്കുന്ന വീഡിയോ ഓൺലൈനിൽ തരംഗമായി. ദശലക്ഷക്കണക്കിനുപേരാണ് വീഡിയോ കണ്ടത്.