മംഗളൂരു (Mangalure) : ബസ് യാത്രയ്ക്കിടെ ഇരുന്ന സീറ്റിൽനിന്ന് മൂട്ടകടിയേറ്റ യുവതിക്ക് കിട്ടിയത് വൻ തുക നഷ്ടപരിഹാരം. (The young woman who was bitten by the bus while sitting on the seat received a huge amount of compensation.) ദക്ഷിണ കന്നഡ പാവൂർ സ്വദേശിനി ദീപിക സുവർണയ്ക്കാണ് 1.29 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചത്. ബസ് ഉടമയും യുവതി ടിക്കറ്റ് ബുക്ക് ചെയ്ത റെഡ് ബസ് ആപ്പും ചേർന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്.
റെഡ് ബസ് ആപ്പുവഴിയാണ് ദീപികയും ഭർത്താവും മംഗളൂരുവിൽ നിന്ന് ബംഗളൂരുവിലേക്ക് ബസ് ടിക്കറ്റ് ബുക്കുചെയ്തത്. സീ ബേർഡ് എന്ന സ്വകാര്യ ബസിലായിരുന്നു യാത്ര. ഒരു കന്നഡ ചാനലിന്റെ റിയാലിറ്റി ഷോയിൽ പങ്കെടുക്കാനായിരുന്നു ഇരുവരും പോയത്. യാത്രയ്ക്കിടെ സീറ്റിലിരുന്ന് ഉറങ്ങിയപ്പോഴാണ് ദീപികയ്ക്ക് മൂട്ടയുടെ കടിയേറ്റത്.
ഇതിനെക്കുറിച്ച് ജീവനക്കാരോട് പരാതി പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തുടർന്നാണ് പരാതി നൽകിയത്. ബസിൽ നിന്നുണ്ടായ ദുരനുഭവം റിയാലിറ്റി ഷാേയിലെ തന്റെ പ്രകടനത്തെ ബാധിച്ചുവെന്നും അതിനാൽ പ്രതിഫലം കാര്യമായി കുറഞ്ഞുവെന്നും ദീപിക പരാതിയിൽ വ്യക്തമാക്കിയിരുന്നു.അന്വേഷണത്തിനൊടുവിൽ ഒരുലക്ഷം രൂപ നഷ്ടപരിഹാരമായും,10,000 രൂപ നിയമ ചെലവ്, 850 രൂപ ടിക്കറ്റ് ചെലവ്,18,650 രൂപ പിഴ എന്നിവയടക്കം 1.29 ലക്ഷം രൂപ പരാതിക്കാരിക്ക് നൽകാനാണ് കോടതി വിധിച്ചത്.