അമരാവതി (Amaravathi) : മഹാരാഷ്ട്രയിൽ പത്ത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് അരക്കിലോയോളം ഭാരം വരുന്ന മുടിക്കെട്ട് കണ്ടെത്തി. (A hairball weighing about half a kilo was found in the stomach of a 10-year-old girl in Maharashtra.) കുട്ടിക്ക് ദീർഘ കാലമായി മുടി കഴിക്കുന്ന ശീലമുണ്ടായിരുന്നുവെന്ന് സ്വകാര്യ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ ഡോ.ഉഷ ഗബ്ജിയെ പറഞ്ഞു.
വിശപ്പില്ലായ്മയും ച്ഛർദ്ദിയും കാരണം 20 ദിവസം മുമ്പാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ 6 മാസമായി ശരീര ഭാരം കുറയുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി സ്ഥിരമായി മുടി കഴിക്കുമായിരുന്നുവെന്ന് കണ്ടെത്തിയത്.
ആന്തരിക പരിശോധനയിൽ കഴിച്ച മുടിയെല്ലാം ഒരു പന്തിന്‍റെ ആകൃതിയിൽ കുടലിൽ കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയ വഴി പുറത്തെടുത്തു. ഇപ്പോൾ കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്നും നന്നായി ഭക്ഷണം കഴിക്കാൻ കഴിയുന്നുണ്ടെന്നും ഡോക്ടർ പറഞ്ഞു. കുട്ടിയെ ഉടൻ തന്നെ ഡിസ്ചാർജ് ചെയ്യുമെന്നും അറിയിച്ചു.