ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ഇന്ത്യയിലൊട്ടാകെ വ്യത്യസ്ത തരത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്. എന്നാൽ ആഘോഷത്തിനപ്പുറം ദീപാവലിയുടെ ആത്മീയമായ അനുഭവം തേടുന്നവർക്ക് ഈ ദീപാവലിക്കാലത്ത് സന്ദർശിക്കാൻ കഴിയുന്ന ക്ഷേത്രങ്ങൾ എതൊക്കെയാണെന്ന് നോക്കാം. ഉത്തർ പ്രദേശിലെ അയോധ്യയിലുള്ള രാം മന്ദിറാണ് ഇതിൽ പ്രധാനപ്പെട്ട ക്ഷേത്രം. 14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ അയോധ്യയിലേക്ക് തിരിച്ചെത്തിയതിന്റെ ഓർമ്മപ്പെടത്തലാണ് ദീപാവലി ആഘോഷം എന്നു വിശ്വസിക്കപ്പെടുന്നു. ദീപാവലിയിൽ രാമന്റെ ജന്‍മഭൂമിയായ അയോധ്യയിലെ ക്ഷേത്രത്തിലെത്തുന്നതോടെ ആ പുരാതന പാമ്പര്യത്തെ നമുക്കും അനുഭവിച്ചറിയാനാകുന്നു.
മഹാരാഷ്ട്രിയിലെ കോൽഹാപ്പുർ മഹാലക്ഷ്മി ക്ഷേത്രമാണ് ദിപാവലിക്കാലത്ത് സന്ദർശിക്കേണ്ട മറ്റൊരു ക്ഷേത്രം. ലോകത്തിലെ 52 ശക്തി പീഠങ്ങളിൽ ആദ്യത്തേതാണ് കോൽഹാപ്പൂർ മഹാലക്ഷ്മി ക്ഷേത്രംഎന്ന് വിശ്വസിക്കപ്പെടുന്നു.ദീപാവലിയുടെ ആദ്യ ദിവസമായ ദന്തേരാസ് ലക്ഷ്മീദേവിക്കായാണ് സമർപ്പിച്ചിരിക്കുന്നത്. കോൽഹാപ്പൂരിന്റെ തനതായ ആചാരങ്ങളും ഈ വേളയിൽ അനുഷ്ഠിക്കപ്പെടുന്നു. അത്യന്തം ആത്മീയമായ അനുഭവമാണ് ദീപാവലി നാളിൽ ഈ ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തർക്ക് ലഭിക്കുന്നത്.
പഞ്ചാബിലെ അമൃത്സറിലുള്ള സുവർണ ക്ഷേത്രമാണ് മറ്റൊരു പ്രധാനക്ഷേത്രം.സിഖ് മതക്കാരുടെ പരിപാവനമായ ഇടമായാണ് സുവർണ ക്ഷേത്രം അറിയപ്പെടുന്നത്. സിഖുകാരുടെ സുപ്രധാനമായ ആഘോഷമായ ബന്ദി ചോർ ദിവസും ദീപാവലിയും ഒരുപോലെയാണ് ഇവിടെ കൊണ്ടാടുന്നത്.സിഖുകാരുടെ ആത്മീയാചാര്യനായ ഗുരു ഹർഗോവിന്ദ് മുഗൾ തടവറയിൽ നിന്ന് മോചിതനായ ദിവസത്തെ ഓർമ്മപ്പെടുത്തുന്നതാണ് ബന്ദി ചോർ ദിവസ്. ദീപാവലി വേളയിൽ സുവർണ ക്ഷേത്രം ദീപങ്ങളാൽ അലംകൃതമാകകയും പ്രാർത്ഥനാ ഗാനങ്ങളാൽ മുഖരിതമാകുകയും ചെയ്യും.
ഉത്തർ പ്രദേശിലെ കാശിയിലെ അന്നപൂർണ ദേവി ക്ഷേത്രമാണ് സന്ദർശിക്കേണ്ട ക്ഷേത്രങ്ങളിൽ മറ്റൊന്ന്. പാർവതി ദേവിയേയാണ് ഇവിടെ ആരാധിക്കുന്നത്. ദീപാവലി ആഘോഷ വേളയിൽ ദേവിയുടെ സ്വർണ വിഗ്രഹം ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു. ആയിരക്കണക്കിന് ദിയകളുടെ (ചെറുമൺവിളക്കുകൾ)അകമ്പടിയോടെ പ്രത്യേക പൂജകൾ ചെയ്യുന്നു. ഭക്തർക്ക് പ്രത്യേകം പ്രസാദവും ഈ സമയത്ത് വിതരണം ചെയ്യും.ദീപാവലി വേളയിൽ ക്ഷേത്രം ദീർഘ നേരം തുറന്നിരിക്കും. ദീപാവലി ദിവസങ്ങളിൽ നടക്കുന്ന ഗോവർദ്ധൻ പൂജയും ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ്.
ഉത്തർപ്രദേശിലെ മഥുരയിലുള്ള വിശുദ്ധ കേന്ദ്രമായ ഗോവർദ്ധൻ കുന്നുകൾ ദീപാവലിക്കാലത്ത് സന്ദർശിക്കേണ്ട പ്രധാന സ്ഥലമാണ്. മഥുരയിലെ ജനങ്ങളെ വിനാശകരമായ മഴയിൽ നിന്ന് രക്ഷിക്കാൻ ഭഗവാൻ കൃഷ്ണൻ കുന്ന് ഉയർത്തിയ കഥയെ അനുസ്മരിച്ചുകൊണ്ട് ഭക്തർ നടത്തുന്ന ഗോവർദ്ധൻ പരിക്രമം ഇവിടുത്തെ വിശേഷപ്പെട്ട ഒരുചടങ്ങാണ്. ദീപാവലിക്കു ശേഷം അനുഗ്രഹത്തിന്‍റെയും സംരക്ഷണത്തിന്‍റെയും പൂജയായ ഗോവർദ്ധൻ പൂജയും ഇവിടെ നടക്കുന്നു.