കോയമ്പത്തൂർ (Coimbathoor) : വിവാഹം കഴിഞ്ഞ് രണ്ടാം നാൾ ഈറോഡ് പുഞ്ചൈപുളിയമ്പട്ടി സ്വദേശിയായ 17-കാരി മരിച്ചു. (A 17-year-old woman from Punjaipuliyampatty, Erode, died on the second day after her marriage.) സംഭവത്തിൽ ഭർത്താവിനെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു. ബന്ധുവും ഭവാനി സാഗർ സ്വദേശിയുമായ ശക്തിവേലിനെയാണ് (31) അറസ്റ്റ് ചെയ്തത്.
എട്ടാംക്ലാസിൽ പഠനം നിർത്തിയ പെൺകുട്ടി കൃഷിപ്പണിക്ക് പോവുകയായിരുന്നു. ജൂലായ് 15-നാണ് പെൺകുട്ടിയും ശക്തിവേലും തമ്മിലുള്ള വിവാഹം നടന്നത്. 16-ന് പെൺകുട്ടിക്ക് വയറുവേദനയുണ്ടായപ്പോൾ ഭർത്തൃവീട്ടുകാർ ഗുളിക നൽകിയെന്ന് പറയുന്നു.
ഇതോടെ പെട്ടെന്ന് രക്തസ്രാവം ഉണ്ടാവുകയും പെൺകുട്ടിയെ സത്യമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കയും ചെയ്തു. സ്ഥിതി ഗുരുതരമായതോടെ കോയമ്പത്തൂർ മെഡിക്കൽകോളേജിലേക്ക് മാറ്റിയെങ്കിലും 17-ന് മരിച്ചു. തുടർന്ന്, പെൺകുട്ടിയുടെ അമ്മ ശക്തിവേലിനെതിരേ പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് 17-ാം വയസ്സിലാണ് വിവാഹം നടത്തിയതെന്ന് കണ്ടെത്തിയത്. ശക്തിവേലിനെ പോക്‌സോ വകുപ്പു പ്രകാരം അറസ്റ്റുചെയ്ത് സത്യമംഗലം ജയിലിലടച്ചു.