മിനിറ്റുകളുടെ വ്യത്യാസത്തില്‍ കൂട്ടിയിടി; ബെംഗളൂരു ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും കൊറമാണ്ഡല്‍ എക്‌സ്പ്രസും നല്ല വേഗതയില്‍

Written by Taniniram

Published on:

ഒഡീഷയില്‍ ബാലസോറില്‍ മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഇരുന്നൂറിലധികം പേര്‍ മരിച്ചു. ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനു സമീപം ബെംഗളൂരു ഹൗറ (12864) സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞതാണു ദുരന്തത്തിന്റെ തുടക്കം.

കാല്‍ക്കത്തയിലെ ഷാലിമാറില്‍ നിന്നു ചെന്നൈ സെന്‍ട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡല്‍ എക്‌സ്പ്രസ് (12841) പാളം തെറ്റിയ ട്രെയിനിലേക്കു ഇടിച്ചുകയറി.

സമീപത്തു നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനും ദുരന്തത്തിന്റെ ആഘാതം കൂട്ടി. ബെംഗളൂരു ഹൗറ (12864) സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും കൊറമാണ്ഡല്‍ എക്‌സ്പ്രസും (12841) നല്ല വേഗതയിലാണ് പോയിരുന്നതെന്ന് അധികൃതര്‍ പറയുന്നു. രാത്രി ഏഴുമണിയോടെയാണു അപകടമുണ്ടായത്.

അപകടകാരണം കണ്ടെത്താന്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ അനുശോചിച്ചു.


അതേസമയം, ട്രെയിനുകള്‍ തമ്മിലുണ്ടാകുന്ന കൂട്ടിയിടി ഒഴിവാക്കാന്‍ സ്ഥാപിക്കുന്ന ‘കവച്’ സംവിധാനം അപകടം നടന്ന റൂട്ടില്‍ ഇല്ലായിരുന്നെന്നും റെയില്‍വെ വ്യക്തമാക്കി.

ഓരോ സിഗ്നല്‍ കഴിയുമ്പോഴും ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നല്‍കുന്ന സിസ്റ്റമാണ് കവച്. നിശ്ചിത ദൂരത്തിനുള്ളില്‍ അതേ ലൈനില്‍ മറ്റൊരു ട്രെയിന്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ സിസ്റ്റത്തിന് ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നല്‍കാനും ആട്ടോമാറ്റിക് ബ്രേക്ക് അപ്ലെ ചെയ്യാനും സാധിക്കും.

രാജ്യത്തെ മുഴുവന്‍ ട്രെയിന്‍ റൂട്ടുകളില്‍ കവച് സംവിധാനം സ്ഥാപിക്കാനുള്ള നപടികള്‍ തുടര്‍ന്നുവരികയാണ്.

Related News

Related News

Leave a Comment