മലപ്പുറം (Malappuram) : വേങ്ങരയിൽ യുവതിയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി. രണ്ടുവർഷം മുൻപ് വിവാഹിതയായ യുവതിയെയാണ് കൊണ്ടോട്ടി സ്വദേശി വീരാൻകുട്ടി ഫോണിൽ വിളിച്ച് ബന്ധം വേർപ്പെടുത്തിയതായി അറിയിച്ചത്. 11 മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെയാണ് ഭർത്താവ് മുത്തലാഖ് ചൊല്ലിയത്.
യുവതിയുടെ പിതാവിനോട് ഫോണിലൂടെ സംസാരിക്കുന്നതിന്റെ ഓഡിയോയും പുറത്ത് വന്നിട്ടുണ്ട്. മകളെ മൂന്ന് തലാഖും ചൊല്ലിയെന്ന് അറിയിച്ച വീരാൻകുട്ടി, ഒപ്പിടാനുള്ളിടത്തൊക്കെ ഒപ്പിടാമെന്നും ഓഡിയോയിൽ പറയുന്നു.വിവാഹത്തിന് ശേഷം ചില ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവതി ചികിത്സയിലായിരുന്നു.
ഇതിന് ശേഷം ദമ്പതികള്‍ക്ക് ഇടയില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. ഫോണിലൂടെ രോഗിയായ ഒരു പെണ്ണിനെയാണ് തനിക്ക് കല്യാണം കഴിച്ച് നല്‍കിയതെന്ന് പറഞ്ഞ് വീരാന്‍കുട്ടി പിതാവിനെ അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.
യുവതിയുടെ കുടുംബം നൽകിയ 30 പവൻ സ്വർണാഭരണങ്ങൾ തിരികെ നൽകിയില്ലെന്നും പരാതിയുണ്ട്. വീരാൻകുട്ടിയുടെ മാതാവാണ് സ്വർണമെല്ലാം സൂക്ഷിച്ചിരുന്നത്.സ്വർണാഭരണങ്ങൾ ഭർത്താവും ബന്ധുക്കളും ഊരിവാങ്ങി. ആശുപത്രിയിൽവെച്ചാണ് മഹർ ഊരിയെടുത്തതെന്നും യുവതി പറയുന്നു.
യുവതിയെ മുത്തലാഖ് ചൊല്ലുമെന്ന് രണ്ട് മാസം മുൻപ് വീരാൻകുട്ടി യുവതിയുടെ പിതാവിനെ അറിയിച്ചിരുന്നു. 40 ദിവസം മാത്രമേ യുവതി ഭർതൃവീട്ടിൽ നിന്നിട്ടുള്ളൂ. അതിനുശേഷം യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്നെങ്കിലും യുവതി അന്ന് ഗർഭിണിയായിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച കാര്യങ്ങളൊന്നും ഭർത്താവ് അന്വേഷിച്ചിരുന്നില്ലെന്നും യുവതി വ്യക്തമാക്കി.
അടുത്തിടെ കാസര്‍ഗോഡ് കാഞ്ഞങ്ങാട് വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു. നെല്ലിക്കട്ട സ്വദേശിക്കെതിരെയാണ് കേസെടുത്തത്. ഹോസ്ദുര്‍ഗ് പോലീസാണ് കേസെടുത്തത്.