Monday, May 19, 2025
Home Blog Page 1093

കശുവണ്ടി കൊണ്ട് പിണറായിക്ക് ഒരു വേറിട്ട ആദരം

0

കൊല്ലം ബീച്ചിൽ കശുവണ്ടി പരിപ്പ് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപം തീർത്ത് കലാകാരന്‍ ഡാവിഞ്ചി സുരേഷ്. നവകേരള സദസിൻ്റെ മുന്നോടിയായാണ് പിണറായിക്ക് ഇത്തരത്തിൽ വേറിട്ട രീതിയിൽ ആദരം സമർപ്പിച്ചത്. കലാകാരൻ ഡാവിഞ്ചി സുരേഷ് തന്നെയാണ് ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

കശുവണ്ടി വികസന കോർപ്പറേഷൻ, ക്യാപക്സ്, കേരള ക്യാഷ്യു ബോർഡ്, KCWRWFB, KSCACC എന്നിവ രുടെ നേതൃത്വത്തിലാണ് കൊല്ലത്ത് പരിപാടി സംഘടിപ്പിച്ചത്. രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന കശുവണ്ടി പരിപ്പ് ഉപയോഗിച്ചാണ് 30 അടി വിസ്തീർണത്തിലുള്ള ചിത്രമൊരുക്കിയത്. വിവിധ വിഭാഗത്തിലുള്ള പരിപ്പ് വേർതിരിച്ചാണ് കലാസൃഷ്ടിക്ക് ആവശ്യമായ നിറവിന്യാസം തയ്യാറാക്കിയത്. പ്രകൃതി സൗഹൃദ നിർമിതി കൂടിയാണിത്.

എം മുകേഷ് എംഎൽഎ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ, കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി ആർ സാബു, സാമൂഹിക- സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

ഔദാര്യത്തിൽ വളർന്ന വാലാട്ടി പ്രസ്ഥാനമല്ല എസ്എഫ്ഐ; രാഷ്ട്രപതി ഭരണം പറഞ്ഞ് പേടിപ്പിക്കേണ്ട: എകെ ബാലൻ

0

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് ഗവർണറുടെ ബോധപൂർവമായ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൻ്റെ വിലയിരുത്തൽ. ഇന്ന് ചേർന്ന അവൈലബിൾ യോഗത്തിലാണ് ഗവർണറുടെ നീക്കങ്ങൾ സംബന്ധിച്ച് വിലയിരുത്തിയത്. തുടർന്ന് മാധ്യമങ്ങളോട് സംസാരിച്ച എകെ ബാലൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിശിതമായ വിമർശനം ഉന്നയിച്ചു. എസ്എഫ്ഐയെ പ്രകീർത്തിക്കുകയും ചെയ്തു.

സംസ്ഥാനത്ത് ഭരണഘടന സംവിധാനം തകർക്കാൻ ഗവർണർ ബോധപൂർവ്വമായ ശ്രമം നടത്തുന്നുവെന്ന് എകെ ബാലൻ പറഞ്ഞു. പരമാവധി പ്രകോപനം ഉണ്ടാക്കാനാണ് ശ്രമം. മുൻ കേരളാ ഗവർണർ ജസ്റ്റിസ് സദാശിവത്തിന്റെ കാല് കഴുകിയ വെള്ളം കുടിക്കണം ആരിഫ് മുഹമ്മദ് ഖാൻ. എന്ത് അസുഖമാണ് ഗവർണർക്ക്? 600 പൊലീസുകാരെ മുന്നിൽ നിർത്തിയാണ് ഗവർണർ എസ്എഫ്ഐയെ വെല്ലുവിളിക്കുന്നത്. എസ്എഫ്ഐ ഗവർണറെ ശാരീരികമായി ഒന്നും ചെയ്യില്ല. ഇതിന്റെ പേരിൽ ഗവർണർക്ക് ഏർപ്പെടുത്തിയ പൊലീസ് സുരക്ഷ സർക്കാർ പിൻവലിക്കണമെന്നും ഗവർണറുടെ സുരക്ഷ വേണമെങ്കിൽ എസ്എഫ്ഐ ഏർപ്പെടുത്തുമെന്നും എകെ ബാലൻ പറഞ്ഞു.

ആരുടേയും ഔദാര്യത്തിലല്ല എസ്എഫ്ഐ വളർന്നതെന്ന് എസ്എഫ്ഐ തന്നെ പറഞ്ഞു. മുൻപ് ഇഎംഎസിനും നായനാർക്കും വിഎസിനും എതിരായി പോലും എസ്എഫ്ഐ പ്രതിഷേധിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു സംഘടനയുടെ വാലാട്ടി പ്രസ്ഥാനമല്ല എസ്എഫ്ഐ. ബാനർ എവിടെ കെട്ടണമെന്ന് കരുതിയാലും എസ്എഫ്ഐ കെട്ടുക തന്നെ ചെയ്യും. രാഷ്ട്രപതി ഭരണം എന്ന് പറഞ്ഞ് ആരെയാണ് പേടിപ്പിക്കുന്നത്? സംസ്ഥാന സർക്കാരിനെ മറച്ചിട്ട് നോക്കട്ടെ അപ്പഴറിയാം എന്താണ് സംഭവിക്കുകയെന്ന്. കണ്ണൂരിന്റെ ചരിത്രത്തെ പറ്റി ഗവർണർക്ക് എന്തറിയാം? ചരിത്രം പഠിച്ച് വരണം. പൊലീസുകാരുടെ ബലത്തിൽ വേഷ്ടിയും ചുറ്റി ഇറങ്ങുന്ന ഗവർണർ കോപ്രായം അവസാനിപ്പിക്കണമെന്നും എകെ ബാലൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ പേരില്‍ ഗണപതിഹോമം

0

കൊല്ലം : നവകേരള സദസ്സ് ഇന്ന് കൊല്ലത്ത് നടക്കാനിരിക്കേ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ ഗണപതി ഹോമം. ചക്കുവള്ളിയിലെ കശുവണ്ടി ഫാക്ടറിയുടെ സ്ഥലത്ത് ഇന്ന് നവകേരള സദസ്സ് നടക്കാനിരിക്കേയാണ് സമീപത്തുള്ള പരബ്രഹ്‌മ ക്ഷേത്രത്തില്‍ 60 രൂപ അടച്ച് ഗണപതിഹോമം നടത്തിയിരിക്കുന്നത്. ക്ഷേത്ര മൈതാനി നവകേരള സദസ്സിന് ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കിയതിന് പിന്നാലെയാണ് ഫാക്ടറി മൈതാനിയിലേക്ക് വേദി മാറ്റിയത്.

തിങ്കളാഴ്ച പരബ്രഹ്‌മ ക്ഷേത്ര മൈതാനിയില്‍ വെച്ച് നവകേരള സദസ്സ് സംഘടിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഇത് ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി ഭാരവാഹികളായ കൊല്ലം കുന്നത്തൂര്‍ സ്വദേശി ജെ. ജയകുമാര്‍, മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടന്‍ പിള്ള എന്നിവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നവകേരള സദസ്സിനായി ക്ഷേത്ര മൈതാനി ഉപയോഗിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തുകയായിരുന്നു.

ദേവസ്വം ബോര്‍ഡ് സ്‌കൂള്‍ ഗ്രൗണ്ട് എന്നാണ് സര്‍ക്കാര്‍ പരസ്യങ്ങളില്‍ പറയുന്നതെങ്കിലും ചക്കുവള്ളി പരബ്രഹ്‌മക്ഷേത്രത്തിന്റെ പരിസരത്താണ് മൈതാനി. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലാണ് സ്‌കൂളും മൈതാനിയും ഉള്ളത്. ക്ഷേത്രകാര്യങ്ങളോ ആചാരങ്ങളോ ആയി ബന്ധമില്ലാത്ത പരിപാടികള്‍ക്ക് ദേവസ്വം വക മൈതാനം ഉപയോഗിക്കുന്നത് തിരുവിതാംകൂര്‍ കൊച്ചി ഹിന്ദുമതസ്ഥാപന നിയമത്തിന്റെയും കോടതി വിധികളുടെയും ലംഘനമാണ്. നവകേരള സദസ്സ് നടത്താന്‍ ഗ്രൗണ്ട് വിട്ടു നല്‍കുന്നത് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കും വിശ്വാസികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

സ്വർണവിലയിൽ നേരിയ വർധന

0

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ഉയർച്ച. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 5,740 രൂപയിലും പവന് 45,920 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്.

ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞ് ഗ്രാമിന് 5,730 രൂപയിലും പവന് 45,840 രൂപയിലുമാണ് രണ്ട് ദിവസം മുൻപ് വ്യാപാരം നടന്നത്.

വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ശബരിമലയില്‍ സൗജന്യ വൈഫൈ…

0

പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി ദേവസ്വം ബോര്‍ഡ്.ഭക്തര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

ബി.എസ്.എന്‍.എല്ലുമായി സഹകരിച്ചാകും ഭക്തര്‍ക്ക് സേവനം ലഭ്യമാക്കുന്നത്. ഒരാള്‍ക്ക് പരമാവധി അരമണിക്കൂര്‍ സമയമാണ് സൗജന്യ വൈഫൈ ലഭിക്കുക. നടപ്പന്തല്‍, തിരുമുറ്റം, സന്നിധാനം, മാളികപ്പുറം , ആഴിയുടെ ഭാഗത്തും മാളികപ്പുറത്തുള്ള അപ്പം – അരവണ കൗണ്ടറുകള്‍, മരാമത്ത് കോംപ്ലക്‌സ്, ആശുപത്രികള്‍ എന്നിവിടങ്ങളിലായി ആകെ 15 വൈ ഫൈ ഹോട് സ്‌പോട്ടുകളാകും ഉണ്ടാവുക.

നിലവില്‍ പമ്പ എക്‌സ്‌ചേഞ്ച് മുതല്‍ നീലിമല, അപ്പാച്ചിമേട്, ശരംകുത്തി, മരക്കൂട്ടം വഴി സന്നിധാനത്തേക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ പുതിയ വൈഫൈ പദ്ധതിക്കായുള്ള അടിസ്ഥാനസൗകര്യം വളരെ വേഗം ബി.എസ്.എന്‍.എല്ലിന് പൂര്‍ത്തിയാക്കാനാകും. ഉയര്‍ന്ന ഗുണനിലവാരമുള്ള എ.ഡി.എസ്.എല്‍ കേബിളുകളാകും ഇവിടെ ഉപയോഗിക്കുക. ക്യു കോംപ്ലക്സ്സുകളില്‍ സൗജന്യ വൈഫെ സേവനം ബി.എസ്.എന്‍.എല്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ആൻഫീൽഡിൽ ബസ് പാർക്കിം​ഗ് നടത്തി യുണൈറ്റഡ്

0

പ്രീമിയർ ലീ​ഗിലെ സുപ്രധാന മത്സരത്തിൽ ആൻഫീൽഡിൽ ചെന്ന് ലിവർപൂളിനെ സമനിലയിൽ പൂട്ടി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇരു ടീമുകൾക്കും ​ഗോളുകൾ ഒന്നും നേടാനായില്ല..

മത്സരം തുടങ്ങുന്നതിന് മുമ്പ് മാധ്യമ വിചാരണ നേരിടേണ്ടി വന്ന യുണൈറ്റഡ് കോച്ച് ടെൻഹാ​ഗിന് മത്സരഫലം ആശ്വാസമായി.. ലിവർപൂളിന്റെ ഫോമിൽ യുണൈറ്റഡ് തകർന്നടിയുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ നല്ല രീതിയിൽ പ്രതിരോധിച്ച യുണൈറ്റഡ് ഡിഫൻഡർമാർ ലിവർപൂളിനെ പൂട്ടുകയായിരുന്നു. പല പ്രധാന താരങ്ങളിലാതെ ഇറങ്ങിയ യുണൈറ്റഡിന് സമനിലയുമായി മടങ്ങാൻ കഴിഞ്ഞത് സന്തോഷം നൽകും.

മികച്ച അറ്റാക്കിം​ഗ് കളി പുറത്തെടുത്തത് ലിവർപൂളായിരുന്നു.. തുടക്കത്തിൽ തന്നെ മത്സരത്തിൽ ആധിപത്യം പുലർത്താൻ അവർക്കായി.. എന്നാൽ ​ഗോളുകളൊന്നും നേടാൻ ലിവർപൂളിന്റെ താരങ്ങൾക്കായില്ല. മികച്ച സേവുകളുമായി ഒനാനയും യുണൈറ്റഡിന്റെ രക്ഷകനായി.. ഹൊയ്ലുണ്ടിന്റെ ഒരു ഷോട്ട് ആലിസൺ തടഞ്ഞിട്ടതും ലിവർപൂളിന് ആശ്വാസമായി.

മത്സരത്തിന്റെ 95-ാം മിനിറ്റിൽ യുണൈറ്റഡ് റൈറ്റ് ബാക്ക് ഡലൗട്ടിന് ചുവപ്പ് കാർഡ് കണ്ടത്ത് ചുവന്ന ചെകുത്താന്മാർക്ക് തിരിച്ചടിയായി. എന്നാൽ ഈ അവസരം മുതലാക്കാൻ ലിവർപൂളിനുമായില്ല.

ഈ മത്സരത്തോടെ ലിവർപൂൾ പ്രീമിയർ ലീ​ഗിൽ രണ്ടാമതും മാഞ്ചസ്റ്റർ യുണൈറ്റഡ് ഏഴാമതുമാണ്.

2000 കോടിയുടെ വായ്പയെടുത്ത് ഒരു മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക നൽകും: ധനവകുപ്പ്

0

തിരുവനന്തപുരം: അഞ്ച് മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയില്‍ ഒരുമാസത്തെ കുടിശ്ശിക നല്‍കാൻ ധനവകുപ്പ് തീരുമാനം. 2000 കോടിയുടെ വായ്പയെടുത്ത് ക്രിസ്മസിന് മുൻപ് തുക ലഭ്യമാക്കാനാണ് നടപടി.

ഡിസംബര്‍ കൂടി ചേര്‍ത്താല്‍ അഞ്ച് മാസത്തെ കുടിശികയാണ് ക്ഷേമ പെൻഷൻ വിതരണത്തില്‍ നിലവിലുള്ളത്. ഇതില്‍ ഓഗസ്റ്റ് മാസത്തെ പെൻഷനാണ് ക്രിസ്മസിന് മുൻപ് ഗുണഭോക്താക്കള്‍ക്ക് എത്തിക്കുന്നത്. നിലയില്ലാക്കയത്തിലെന്ന പോലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് ഇത്രയധികം കുടിശിക വന്നത്. കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത 3140 കോടി രൂപ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയ നടപടി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാർ തല്‍ക്കാലത്തേക്ക് മരവിപ്പിച്ചിരുന്നു. ഇതോടെ 2000 രൂപയുടെ കടപത്രം അടിയന്തരമായി ഇറക്കാൻ ധനവകുപ്പ് നടപടികളും തുടങ്ങിയിട്ടുണ്ട്.

രണ്ട് മാസത്തെ പെൻഷൻ നല്‍കാനായേക്കുമെന്ന് കരുതിയിരുന്നെങ്കിലും മറ്റ് അത്യാവശ്യ ചെലവുകള്‍ക്ക് കണ്ടെത്തേണ്ട തുക കൂടി കണക്കിലെടുത്താണ് ഒരു മാസത്തെ മാത്രം കുടിശിക നല്‍കാൻ തീരുമാനിച്ചത്.

കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ….

0

ഇടുക്കി: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ഗതാഗത തടസ്സം. ബോഡിമെട്ട്‌ ചുരത്തിൽ മണ്ണിടിഞ്ഞാണ് ഗതാഗതം തടസ്സപ്പെട്ടത്. ശക്‌തമായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ദേശീയപാതയിൽ തമിഴ്നാടിന്റെ ഭാഗങ്ങളായ മുന്തലിനും പുലിയൂത്തിനും ഇടയിലായി മൂന്ന് ഇടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.

കോണ്‍ഗ്രസിന് 1.38 ലക്ഷം രൂപ സംഭാവന ചെയ്ത് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ

0

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ധനശേഖരണത്തിനായി കോൺഗ്രസ് നടത്തുന്ന ക്രൗഡ് ഫണ്ടിംഗിന് തുടക്കമായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ക്യാംപയിൻ ഉദ്ഘാടനം ചെയ്തു.1.38 ലക്ഷം രൂപ ഖര്‍ഗെ സംഭാവന നല്‍കി. . രാജ്യത്തിനായി സംഭാവന ചെയ്യുക എന്ന പേരിലാണ് പരിപാടി. പാർട്ടിയുടെ 138 വർഷത്തെ ചരിത്രം കണക്കിലെടുത്ത് 138 രൂപയുടെ ഗുണിതങ്ങളായാണ് സംഭാവന സ്വീകരിക്കുക. ഓൺലൈനായും ഓഫ്‍ലൈനായും ഫണ്ട് ശേഖരണം നടത്തും. പാർട്ടി സ്ഥാപകദിനമായ ഡിസംബർ 28 വരെ ഓൺലൈനായും അതിന് ശേഷം പ്രവർത്തകർ വീടുകളിൽ കയറിയും ഫണ്ട് ശേഖരിക്കും.

എന്നാൽ കോണ്ഗ്രസിന്‍റെ ഫണ്ട് സമാഹരണത്തിനെ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി. 60 വർഷമായി കൊള്ളയടിച്ചവർ രാജ്യത്തു നിന്ന് സംഭാവനകൾ തേടുകയാണെന്നും രാജ്യസഭാ എം.പി ധീരജ് സാഹുവിൽ നിന്ന് 400 കോടി പിടിച്ചെടുത്തതിന്‍റെ നാണക്കേട് മറയ്ക്കാനാണ് പരിപാടിയെന്നും ബിജെപി ആക്ഷേപിച്ചു.

52 വയസുകാരിയെ ക്രൂരമായ ബലാത്സം​ഗ ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ

0

കൊച്ചി ന​ഗരത്തിൽ 52 വയസുകാരിയെ ക്രൂരമായ ബലാത്സം​ഗ ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ.. ആസാം സ്വദേശി ഫിർദൗസ് അലിയാണ് അറസ്റ്റിലായത്. കൊച്ചി സിറ്റി പോലീസാണ് ഇയാളെ പിടികൂടിയത്.

ബുധനാഴ്ച വൈകിട്ട് പൊന്നുരുന്നി റെയിൽവേ ട്രാക്കിനിരകിൽ വച്ചാണ് സംഭവം. പ്രതി 52-കാരിയെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയി ക്രൂര ബലാത്സം​ഗത്തിനിരയാക്കുകയും മർദ്ദിച്ചവശയാക്കി റെയിൽവേ ട്രാക്കിൽ തള്ളുകയുമായിരുന്നു. ക്രൂര പീഡനത്തെ തുടർന്ന് ശരീരത്തിൽ ​ഗുരുതരമായി പരിക്കേറ്റ നിലയിലാണ്. പരിക്കുകളോടെ സ്ത്രീ കളമശ്ശരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകട നില തരണം ചെയ്തതായി പോലീസ് അറിയിച്ചു. ലഹരിക്കേസിൽ നേരത്തെ അറസ്റ്റിലായ പ്രതി ഏതാനും മാസം മുമ്പാണ് പുറത്തിറങ്ങിയത്.