സോഷ്യല്‍ മീഡിയയില്‍ വളരെ ട്രെന്‍ഡിങ് ആയിക്കൊണ്ടിരിക്കുന്ന ഒരു വിഭവമാണ് വൈറലായ കൂന്തള്‍ നിറച്ചത്. എന്നാലിനി മണിക്കൂറുകളോളം കാത്ത് നില്‍ക്കാതെ ഇത് വീട്ടില്‍ തന്നെ തയ്യാറാക്കാം. കടയില്‍ നിന്നും ലഭിക്കുന്ന അതേ രുചിയില്‍ ഇതെങ്ങനെയാണ് തയ്യാറാക്കുകയെന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകള്‍:
കൂന്തള്‍
സവാള
പച്ചമുളക്
വെളുത്തുള്ളി
ഇഞ്ചി
കറിവേപ്പില
വെളിച്ചെണ്ണ
ഉപ്പ്
തേങ്ങ
മഞ്ഞള്‍പൊടി
മുളക് പൊടി
പെരും ജീരകം പൊടിച്ചത്
ഗരം മസാല
തക്കാളി സോസ്
തയ്യാറാക്കേണ്ട വിധം
കൂന്തള്‍ നന്നായി കഴുകി വൃത്തിയാക്കി തലയും അതിന്‍റെ ചിറക് പോലുള്ള ഭാഗവും മുറിച്ച് മാറ്റി വയ്‌ക്കുക. അതിന് ശേഷം കൂന്തളിലേക്ക് നിറക്കാനുള്ള ഫില്ലിങ് തയ്യാറാക്കാം. ഇതിനായി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ കൊത്തിയരിയുക. ശേഷം അടുപ്പില്‍ ചുവട് കട്ടിയുള്ള ഒരു പാത്രം വച്ച് അതിലേക്ക് അല്‍പം വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോള്‍ അതിലേക്ക് കൊത്തിയരിഞ്ഞ് വച്ചിട്ടുള്ളതെല്ലാം ചേര്‍ത്തിളക്കുക. ചെറിയ തീയില്‍ പതിയെ ഇതെല്ലാം വഴറ്റിയെടുക്കണം. അല്‍പ നേരം ഇളക്കിയതിന് ശേഷം അല്‍പം ഉപ്പ് ചേര്‍ത്തിളക്കുക. അല്‍പ സമയത്തിന് ശേഷം മഞ്ഞള്‍പൊടി, മുളക് പൊടി, പെരും ജീരകം പൊടിച്ചത്, ഗരം മസാല എന്നിവ ചേര്‍ത്തിളക്കുക.
മസാലയുടെ പച്ചമണം മാറുമ്പോള്‍ അതിലേക്ക് കഴുകി അരിഞ്ഞ് വച്ചിട്ടുള്ള കൂന്തളിന്‍റെ ചിറകിന്‍റെ ഭാഗങ്ങള്‍ ചേര്‍ത്ത് ഇളക്കുക. അല്‍പ നേരം ഇളക്കിയതിന് ശേഷം ചിരകിയ തേങ്ങ ചേര്‍ക്കുക. ഇവയെല്ലാം ചേര്‍ത്ത് നന്നായി ഇളക്കിയതിന് ശേഷം അടച്ച് വച്ച് വേവിക്കാം. ഫില്ലിങ് ആവശ്യത്തിന് വേവായി കഴിഞ്ഞാല്‍ ഓരോ കൂന്തളും എടുത്ത് അതിന് അകത്തേക്ക് ഫില്ലിങ് നിറക്കാം.
ഫിലിങ് നിറച്ച ശേഷം മുറിച്ച് മാറ്റി വച്ചിട്ടുള്ള കൂന്തളിന്‍റെ തല ഒരു ടൂത്ത് പിക് കൊണ്ട് കൂന്തളില്‍ തുന്നിച്ചേര്‍ക്കാം. ശേഷം ഇത് ആവിയില്‍ പുഴുങ്ങിയെടുക്കാം. ഇത് വേവാകുമ്പോഴേക്കും മറ്റൊരു പാത്രത്തില്‍ കൂന്തള്‍ ഫ്രൈ ചെയ്യാനുള്ള മസാല തയ്യാറാക്കാം. അതിനായി അല്‍പം മഞ്ഞള്‍ പൊടി, മുളക് പൊടി, ഗരം മസാല, ആവശ്യത്തിന് ഉപ്പ്, അല്‍പം തക്കാളി സോസ് എന്നിവ ചേര്‍ത്തിളക്കുക. അതിലേക്ക് അല്‍പം വെള്ളം ചേര്‍ത്ത് മിക്‌സ് ചെയ്യാം. ആവിയില്‍ വെന്ത കൂന്തള്‍ ഈ മസാലയില്‍ അല്‍പം വെളിച്ചെണ്ണ കൂടി ഒഴിച്ച് വറുത്തെടുക്കാം.
ഇതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ കൂന്തള്‍ നിറച്ചത് തയ്യാര്‍. ഇനിയിപ്പോ കോഴിക്കോട് പോയി വരി നിന്ന് കൂന്തള്‍ നിറച്ചത് വാങ്ങേണ്ട. സ്വന്തമായി അതേ രുചിയില്‍ വീട്ടില്‍ തന്നെ ഇത് തയ്യാറാക്കാം.