ഓണം അടുത്ത് എത്താറായി….. ഓണം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് കുട്ടിക്കാലവും പുത്തൻ ഉടുപ്പും, വിഭവ സമൃദ്ധമായ ഓണസദ്യയുമൊക്കെ അല്ലെ …. എങ്കിൽ ഓണവിഭവങ്ങൾ ഓരോന്നായി നമ്മുക്ക് ഉണ്ടാക്കി നോക്കിയാലോ …
തൂശനിലയുടെ തുഞ്ചത്ത് വിളമ്പുന്ന ശർക്കര വരട്ടിക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടല്ലേ … ശർക്കര വരട്ടിയും കഴിച്ച് അടുത്ത വിഭവത്തിന് വേണ്ടി കാത്തു നിൽക്കണേ. അപ്പോ എങ്ങനാ ഈ ഓണം നമ്മൾ പൊളിക്കുവല്ലേ.. ഓണത്തിൻ്റെ ഏറ്റവും പ്രധാനമായതും, രുചികരവും ആയ ശർക്കര വരട്ടി ഉണ്ടാക്കി നോക്കാം.
തയ്യാറാക്കുന്ന വിധം :
ആദ്യം നേന്ത്രക്കായയുടെ തൊലി കളഞ്ഞ് വയ്ക്കുക , ( കായ കറുത്തുപോകാതിരിക്കാൻ ഉപ്പ് കലക്കിയ വെള്ളത്തിൽ ഇട്ടുവെക്കുക). കായയുടെ മുകളിലുള്ള നേർത്ത പാട ഒരു സ്പൂൺ ഉപയോഗിച്ച് ചുരണ്ടി വൃത്തിയാക്കണം. കായ നീളത്തിൽ രണ്ടായി കീറിയ ശേഷം, കാൽ ഇഞ്ച് കനത്തിൽ വട്ടത്തിൽ അരിയുക.
അരിഞ്ഞ കഷ്ണങ്ങൾ ഉപ്പുവെള്ളത്തിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി ഇളക്കി അഞ്ച് മിനിറ്റ് വയ്ക്കുക. അഞ്ച് മിനിറ്റിന് ശേഷം, കായ നന്നായി കഴുകി വെള്ളം പൂർണ്ണമായും പോകാൻ ഒരു അരിപ്പ പാത്രത്തിലോ അല്ലെങ്കിൽ ഒരു ഉണക്കിയ വൃത്തിയുള്ള തുണിയിലേക്കോ മാറ്റുക.
ഒരു ചട്ടിയിൽ കാൽ കപ്പ് അരിയെടുത്ത് വറുത്തെടുക്കുക. അരി പൊരിഞ്ഞു നിറം മാറി വരുമ്പോൾ തീ ഓഫ് ചെയ്യുക. വറുത്ത അരിയും പഞ്ചസാരയും, ചുക്ക് പൊടിയും, കുരുമുളകുപൊടിയും, ഏലയ്ക്കയും, ചെറിയ ജീരകവും മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക. ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി, അരിഞ്ഞുവെച്ച കായ മീഡിയം തീയിൽ വറുത്തെടുക്കുക. കായ നല്ല ക്രിസ്പി ആയിക്കഴിയുമ്പോൾ കോരിയെടുക്കാം .
ഒരു പാത്രത്തിൽ 200 ഗ്രാം ശർക്കരയും കാൽ കപ്പ് വെള്ളവും ചേർത്ത് ശർക്കര പാനി ഉണ്ടാക്കാം .ശർക്കരപ്പാനി നൂൽ പരുവമാകുമ്പോൾ വറുത്തുവെച്ച കായ ചേർത്ത് നന്നായി ഇളക്കുക. തീ ഓഫ് ചെയ്ത ശേഷം, പൊടിച്ചുവെച്ച മസാലപ്പൊടി കുറേശ്ശെയായി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ശർക്കരവരട്ടി ചൂടാറിയ ശേഷം വായു കടക്കാത്ത പാത്രത്തിൽ അടച്ചു വെച്ചു ഓണത്തിന് സദ്യ വിളമ്പുക എല്ലാവരും ഒന്ന് പരീക്ഷിച്ച് നോക്കില്ലേ..