പ്രധാനമന്ത്രി നരേന്ദ്രമോദി സിബിസിഐ ആസ്ഥാനത്ത് ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ എന്നാണ് മാര്‍ മിലിത്തിയോസിന്റെ പരിഹാസം. ദില്ലിയില്‍ നടന്നത് മോദിയുടെ നാടകം മാത്രമാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ വിമര്‍ശിച്ചു. ദില്ലിയില്‍ പ്രധാനമന്ത്രി പുല്‍ക്കൂട് വണങ്ങുന്നു, പാലക്കാട് പുല്‍ക്കൂട് നശിപ്പിക്കുന്നു. ഒരേ രാഷ്ട്രീയ പാര്‍ട്ടിയുടെ ആളുകള്‍ തന്നെയാണ് രണ്ടും ചെയ്യുന്നതെന്ന്. ഇത് വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. ഊതിക്കൊണ്ട് കഴുത്തറക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇവരുടെ നാടകം തന്നെയാണ് മണിപ്പൂരിലും നടക്കുന്നത്.
ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് കോടതിയില്‍ പോവുന്നതും അതിന് വേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നത്. ഇതെല്ലാം മറച്ചു പിടിക്കാനുള്ള തലോടലാണ് ബാക്കിയെല്ലാമെന്നും മെത്രാപ്പൊലീത്ത വിമര്‍ശിച്ചു. സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി എന്ന സവര്‍ക്കറുടെ ചിന്തയെ നിലനില്‍ക്കുന്ന സാഹചര്യത്തിനനുസരിച്ച് നടപ്പാക്കാന്‍ ശ്രമിക്കുന്ന അവസ്ഥയാണിത്. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ആവശ്യപ്പെട്ടു.