ലഖ്‌നൗ (Lucknow) : ഉത്തർപ്രദേശിലെ ബന്ദ ജില്ല (Banda district of Uttar Pradesh) യിലാണ് സംഭവം നടന്നത്. 50 രൂപയെച്ചൊല്ലിയുണ്ടായ തർക്കത്തിൽ കടയുടമയുടെ വിരൽ യുവാവ് കടിച്ചെടുത്തു. തുണിക്കടയുടമയായ ശിവചന്ദ്ര കർവാരിയ (Sivachandra Karwaria) യുടെ വിരലാണ് കടിച്ചെടുത്തത്. പ്രതിയായ യുവാവ് കടയിൽ നിന്ന് ഒരു ഫ്രോക്ക് വാങ്ങിയിരുന്നു. തൊട്ടടുത്ത ദിവസം കടയിൽ വീണ്ടുമെത്തുകയും താൻ വാങ്ങിയ ഫ്രോക്കിന് വലിപ്പം കുറവാണെന്നും കൂടുതൽ വലിപ്പമുള്ള ഫ്രോക്ക് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വലിപ്പമുള്ള ഫ്രോക്കിന് 50 രൂപ അധികം നൽകണമെന്ന് കടയുടമ ഇയാളോട് പറഞ്ഞു.
50 രൂപയെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെ ഇയാൾ കർവാരിയയുടെ ഇടതുകൈയിലെ വിരൽ കടിച്ചെടുത്തു. തടയാൻ ശ്രമിച്ച കടയുടമയുടെ മകനെയും കടിച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് കടയിലെ വസ്ത്രങ്ങൾ റോഡിലേക്ക് വലിച്ചെറിയുകയും ഇരുവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു.ശേഷം പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ കടയുടമ അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി കോട്വാലി നറൈനിയിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ സുരേഷ് സൈനി ഇന്ത്യ ടുഡേയോട് പറഞ്ഞു. പ്രതിക്കായി പൊലീസ് തിരച്ചിൽ നടത്തിവരികയാണെന്നും എസ്എച്ച്ഒ അറിയിച്ചു.