ഇടുക്കി (Idukki) : ഫേസ്ബുക്ക് പേജിൽ കമന്‍റുകളായി ലഭിക്കുന്ന പരാതികൾക്ക് തത്സമയം മറുപടി നൽകുമെന്ന് ഇടുക്കി കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. (Idukki Collector V. Vigneshwari announced that complaints received in comments on the Facebook page will be responded to in real time.) എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 6 മുതൽ 7 വരെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കമന്‍റുകളായി ലഭിക്കുന്ന പരാതികൾക്കാണ് കളക്ടർ തത്സമയം മറുപടി നൽകുക. പരാതികൾക്ക് പുറമെ അധികാരികളുടെ ശ്രദ്ധ പതിയാത്ത പൊതുവിഷയങ്ങൾ സംബന്ധിച്ചും ജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാമെന്ന് കളക്ടർ വ്യക്തമാക്കി.
കുറച്ചുനാളായി ഫേസ്ബുക്ക് റെഗുലറായി അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നില്ല. അത്യാവശ്യം തിരക്കുണ്ട്. ചെയ്യുന്ന കാര്യങ്ങൾ ആത്മാർത്ഥമായും കൃത്യമായും ചെയ്യണമല്ലോ. അല്ലാതെ വെറുതെ എന്തെങ്കിലും കുത്തികുറിച്ചിട്ട് കാര്യമില്ല. അതുകൊണ്ടാണ് ഇടവേളകൾ ഉണ്ടാകുന്നത്.
ഞാൻ ഇപ്പോൾ വന്നത് ഒരു പ്രധാന കാര്യം പറയാനാണ്. ഏപ്രിൽ 9 മുതൽ എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 6 മുതൽ 7 വരെ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ കമന്‍റുകളായി ലഭിക്കുന്ന പരാതികൾക്ക് നേരിട്ട് തത്സമയം മറുപടി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പത്രങ്ങൾ വഴി നിങ്ങൾ വിവരം അറിഞ്ഞിട്ടുണ്ടകും എന്നറിയാം. എങ്കിലും നിങ്ങളോട് നേരിട്ട് പറയണമല്ലോ. അതുകൊണ്ടാ.
പരാതികൾക്ക് പുറമെ അധികാരികളുടെ ശ്രദ്ധ പതിയാത്ത പൊതുവിഷയങ്ങൾ സംബന്ധിച്ചും വിവരങ്ങൾ അറിയിക്കാം. പരമാവധി വിഷയങ്ങളിൽ തത്സമയം മറുപടി നൽകാൻ ശ്രമിക്കും. എന്നാൽ കൂടുതൽ വിവരം ശേഖരിക്കേണ്ട കാര്യങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളിൽ അന്വേഷിച്ച ശേഷം പരിഹാരം കാണാൻ മാത്രമേ സാധിക്കൂ.
പലർക്കും കളക്ടറെ നേരിട്ട് വന്ന് കണ്ട് പരാതികൾ പറയാനോ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്താനോ കഴിയാറില്ല. ഒരു ദിവസം ജോലിക്ക് പോയില്ലെങ്കിൽ കുടുംബത്തിന്റെ അന്നം മുടങ്ങും. അങ്ങനെയുള്ളവർ തങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങളും നീതിയും ചോദിച്ചു വാങ്ങാൻ പലപ്പോഴും മുതിരാറില്ല. അത്തരക്കാർക്കാണ് ഫേസ്ബുക്ക് വഴി അവസരമൊരുക്കുന്നത്. അനാവശ്യ ചോദ്യങ്ങളും കോടതി സംബന്ധമായ വിഷയങ്ങളും ഒഴിവാക്കി സാധാരണക്കാരന്‍റെ പ്രശ്നങ്ങളിൽ പരിഹാരം കാണാൻ എന്നെ നിങ്ങൾ സഹായിക്കണം.