മലയാളത്തിന്റെ അഭിമാനം ഗാനനഗന്ധര്‍വന്‍ കെ.ജെ.യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്ന് ശിവഗിരി മഠം. ഇ ക്കാര്യത്തില്‍ അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് മഠം അധികൃതര്‍ അറിയിച്ചു. ആചാര പരിഷ്‌കരണം ആവശ്യപ്പെട്ട് ഗുരുവായൂര്‍ ദേവസ്വത്തിനു മുന്നില്‍ അടുത്തമാസം പ്രക്ഷേഭം നടത്തുമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
നേരത്തെ ആര്‍എസ്എസും ഹിന്ദു ഐക്യവേദിയും വിശ്വഹിന്ദു പരിക്ഷത്തും യേശുദാസിനെ ഗുരുവായൂരില്‍ കയറ്റണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകമാകും. യേശുദാസിനു വേണ്ടി സംസ്ഥാന സര്‍ക്കാരും അനുകൂല നിലപാട് എടുക്കണമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ക്ഷേത്രദര്‍ശനം വലിയ ആഗ്രഹമാണെന്ന് യേശുദാസ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നല്‍ ക്ഷേത്രം ഭരണാധികാരികളാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. തനിക്കു മാത്രമായി പ്രവേശനം അനുവദിക്കണമെന്നല്ല, പൂര്‍ണഭക്തിയോടെ ഗുരുവായൂരപ്പനെ കാണുന്ന എല്ലാവര്‍ക്കും ക്ഷേത്രദര്‍ശനം അനുവദിക്കുന്ന കാലത്തേ താന്‍ പോകൂ. അവര്‍ക്കിടയിലെ അവസാനക്കാരനായിട്ടായിരിക്കും തന്റെ പ്രവേശനമെന്നും അദ്ദേഹം നിരവധി തവണ പറഞ്ഞിട്ടുണ്ട്.
ശിവഗിരി സമ്മേളനത്തില്‍ ക്ഷേത്രപ്രവേശന വിളംബരംപോലെ ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും ഷര്‍ട്ട് ധരിച്ച് കയറാന്‍ അനുവാദിക്കണമെന്നും സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടിരുന്നു. നിര്‍ദ്ദേശത്തെ വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചിരുന്നു.