തിരുവനന്തപുരം: ഫെയ്‌സ്ബുക്ക് കുറിപ്പുകളിലൂടെ പരസ്പരം വാക്‌പോരുമായി എഴുത്തുകാരായ കെ.ആര്‍. മീരയും ബെന്യാമിനും. ഗാന്ധിവധവുമായി ബന്ധപ്പെട്ട കെ.ആര്‍. മീരയുടെ പോസ്റ്റിനെതിരേയാണ് ബെന്യാമിന്‍ രംഗത്തെത്തിയത്. കടുത്ത ഭാഷയില്‍ കെ.ആര്‍. മീരയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ബെന്യാമിന്റെ പോസ്റ്റ്. ഇതിന് പിന്നാലെ കെ.ആര്‍. മീര അതേ ഭാഷയില്‍ തന്നെ ബെന്യാമിന് മറുപടി നല്‍കി.
ഗാന്ധിവധത്തില്‍ ഹിന്ദുമഹാസഭയ്‌ക്കൊപ്പം കോണ്‍ഗ്രസിനേയും വിമര്‍ശിച്ചുകൊണ്ടായിരുന്നു കെ.ആര്‍. മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘തുടച്ചു നീക്കാന്‍ കോണ്‍ഗ്രസുകാര്‍ പത്തെഴുപത്തിയഞ്ചുകൊല്ലമായി ശ്രമിക്കുന്നു, കഴിഞ്ഞിട്ടില്ല. പിന്നെയാണ് ഹിന്ദുസഭ’ എന്നായിരുന്നു കെ.ആര്‍. മീരയുടെ ആദ്യ പോസ്റ്റ്. ഇതിന് മറുപോസ്റ്റ് ആയാണ് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ‘കെ.ആര്‍. മീര പറഞ്ഞത് ശുദ്ധ അസംബന്ധം. ഏത് എതിനോട് താരതമ്യം ചെയ്യണമെന്നും ആരെ ഏത് രീതിയില്‍ വിമര്‍ശിക്കണം എന്നുമുള്ള വിവരമില്ലായ്മ ആണ് പോസ്റ്റ്. അത് ഗുണം ചെയ്യുന്നത് സംഘപരിവാറിന് ആണെന്ന് അറിയാതെ അല്ല. അറിഞ്ഞു കൊണ്ട് എഴുതുന്നതാണ് അപകടം’ എന്നായിരുന്നു ബെന്യാമിന്റെ പോസ്റ്റ്.
ഇതിന് മറുപടിയായി കെ.ആര്‍. മീര; ‘ബെന്യാമിന്‍ ഉപയോഗിച്ച ഭാഷയില്‍ത്തന്നെ ഞാന്‍ മറുപടി പറയുന്നു: ഗാന്ധിനിന്ദയ്ക്ക് എതിരേ ശക്തമായി പ്രതിഷേധിക്കാന്‍ പോലും ചങ്കുറപ്പില്ലാതെ എന്റെ പോസ്റ്റിനെ ശുദ്ധ അസംബന്ധം എന്നു പറയുന്ന ബെന്യാമിന്റെ വിവരമില്ലായ്മയെക്കുറിച്ച് എനിക്കും ധാരാളം പറയാനുണ്ട്. എന്നെ സംഘപരിവാറായി അവതരിപ്പിക്കാനുള്ള ബെന്യാമിന്റെ ശ്രമം സംഘപരിവാറിനെ സഹായിക്കാനുള്ള പദ്ധതി മാത്രമാണ്. അന്നും ഇന്നും എന്റെ നിലപാടുകളില്‍നിന്നു ഞാന്‍ അണുവിട മാറിയിട്ടില്ല. ഞാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും അപ്പക്കഷ്ണങ്ങള്‍ മോഹിച്ചു പ്രസ്താവന നടത്തിയിട്ടുമില്ല. എന്നെ വിമര്‍ശിക്കുന്നതുവഴി കോണ്‍ഗ്രസുകാരെയും സംഘപരിവാറുകാരെയും സുഖിപ്പിച്ച് അവരില്‍നിന്നു കിട്ടാനുള്ള അപ്പക്കഷ്ണങ്ങള്‍കൂടി പോരട്ടെ എന്നാണു ബെന്യാമിന്റെ നിലപാട് എന്നു തോന്നുന്നു. ഞാനാണു മഹാ പണ്ഡിതന്‍, ഞാനാണു മഹാമാന്യന്‍, ഞാനാണു സദാചാരത്തിന്റെ കാവലാള്‍ എന്നൊക്കെ മേനി നടിക്കുന്നതുകൊള്ളാം. കൂടുതല്‍ എഴുതുന്നില്ല’ എന്ന് മീര ഫേസ്ബുക്കില്‍ കുറിച്ചു.