കോഴിക്കോട് ( Calicut ) : വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിലെ ഭക്ഷണത്തിൽ പുഴുവെന്നു വീണ്ടും പരാതി. മംഗളൂരു – തിരുവനന്തപുരം വന്ദേഭാരതിൽ കഴിഞ്ഞ രണ്ടിന് ഉച്ചയ്ക്കു ചോറിനൊപ്പം ലഭിച്ച പരിപ്പു കറിയിൽ നിറയെ പുഴുക്കളായിരുന്നുവെന്നു മംഗളൂരു സ്വദേശിനിയായ സൗമിനിയാണു പരാതിപ്പെട്ടത്. (Another complaint about worms in food on Vande Bharat Express train. Mangaluru-Thiruvananthapuram Vande Bharat, a native of Mangaluru, complained that the lentil curry she received with rice at noon on the 2nd was full of worms.)
തൃശൂരിൽ നിന്നാണു സൗമിനിയും 3 കുടുംബാംഗങ്ങളും കയറിയത്. മറ്റു യാത്രക്കാർക്കു വിതരണം ചെയ്ത ഭക്ഷണത്തിലും പുഴു ഉണ്ടായിരുന്നുവെന്നും സൗമിനി പറഞ്ഞു. കുറച്ചു നാൾ മുൻപ്, വന്ദേഭാരതിലെ ഭക്ഷണത്തിൽ പുഴു കണ്ടെത്തിയ വാർത്ത ഓർമയിലുണ്ടായതിനാൽ, ശ്രദ്ധിക്കണമെന്നു മക്കളോടു പറഞ്ഞിരുന്നു.
ഭക്ഷണത്തിൽ പുഴുവുള്ള കാര്യം മറ്റു യാത്രക്കാരെ അറിയിച്ചിരുന്നുവെന്നും ട്രെയിനിലെ കേറ്ററിങ് ജീവനക്കാരോടു പറഞ്ഞിരുന്നുവെന്നും അവർ അറിയിച്ചു. ഐആർസിടിസിയിൽ പരാതി നൽകിയതിനെത്തുടർന്നു ഭക്ഷണത്തിന്റെ തുക തിരികെ ലഭിച്ചതായും തുടർ നടപടിയെടുക്കുമെന്ന് അറിയിച്ചതായും സൗമിനി പറഞ്ഞു. അതേസമയം, ഈ പരാതി റെയിൽവേയുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ ഇന്നു പ്രതികരിക്കാമെന്നാണു മറുപടി ലഭിച്ചത്.