പൂവാർ: ടൂറിസ്റ്റ് കേന്ദ്രമായ പൂവാറിലെ(Poovar) ബോട്ട് സവാരിക്ക് തിരക്കേറുന്ന സാഹചര്യത്തിൽ സുരക്ഷയൊരുക്കാൻ നടപടി വേണമെന്ന് നാട്ടുകാർ. സർവീസ് നടത്തുന്ന ബോട്ടുകളിൽ പലതിനും ഫിറ്റ്നസ് ഇല്ല. ഇത് കണ്ടെത്താൻ സംവിധാനവുമില്ല. ലൈഫ് ജാക്കറ്റ്, ബോയ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളും വേണ്ടത്രയില്ല. എവിടെയെങ്കിലും അപകടം നടന്നാൽ മാത്രം നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി പേരിനു ചില പരിശോധനകൾ നടത്തി മടങ്ങും.
നെയ്യാർ(Neyyar) നദി അറബിക്കടലിൽ ലയിക്കുന്നതിന്റെ സംഗമബിന്ദുവാണ് പൂവാറിലെ പൊഴിക്കര(Pozhikkara). ദിവസവും നൂറുകണക്കിന് ടൂറിസ്റ്റുകളാണ് ഇവിടെ വന്നുപോകുന്നത്. ഇവിടുത്തെ പ്രധാന വിനോദോപാധി ബോട്ട് സവാരിയാണ്. 2 പേർക്ക് മിനിമം 2500 രൂപയാണ് ഒരു മണിക്കൂർ ചാർജ്ജ്. ഒന്നര മണിക്കൂറിന് 3500 രൂപയും. അഡിഷണൽ കയറുന്ന ഓരോ ആളിനും 500 രൂപ വീതം കൂടും. ഈ നിരക്ക് വർഷങ്ങൾക്ക് മുമ്പ് പൊലീസും ബോട്ട് ക്ലബുകളും ഗ്രാമ പഞ്ചായത്ത് അധികൃതരും സംയുക്തമായി നിശ്ചയിച്ചതാണ്. പൂവാറിന്റെ പല ഭാഗങ്ങളിലും നിരക്ക് എഴുതിയ ബോർഡുകൾ പോലീസ് സ്ഥാപിച്ചിട്ടുമുണ്ട്. എന്നാൽ മിനിമം നിരക്ക് പലപ്പോഴും അയ്യായിരവും പതിനായിരവുമായി മാറി മറിയാറുണ്ട് എന്നാണ് ആക്ഷേപം. മാത്രമല്ല കൊള്ളാവുന്നതിലധികം എണ്ണം ടൂറിസ്റ്റുകളെയും ബോട്ട് സവാരിയിൽ അവസരം നൽകുന്നതും അപകടം ക്ഷണിച്ചു വരുത്തും.
വില്ലനായി ഇടനിലക്കാർ
നിലവിലെ ബോട്ട് നിരക്കിനെക്കുറിച്ച് വലിയ ആക്ഷേപമാണുള്ളത്. നൂറ് കണക്കിന് ബോട്ടുകളാണ് പൂവാറിൽ സവാരി നടത്തുന്നത്. ഇതിൽ പലരും 6 പേർക്ക് സവാരി നടത്താൻ 600 മുതൽ 1000 രൂപ വരെയാണ് ഒരു മണിക്കൂർ സവാരിക്ക് ഈടാക്കുന്നത്. എന്നാൽ സഞ്ചാരികൾക്കും ബോട്ട് ഉടമകൾക്കുമിടയിൽ പ്രവർത്തിക്കുന്ന ഇടനിലക്കാർ വഴി വരുന്ന ടൂറിസ്റ്റുകളിൽ നിന്നും കൂടുതൽ തുക വാങ്ങുന്നതായും ആക്ഷേപമുണ്ട്.
ടിക്കറ്റ് നിരക്ക് അമിതമായി ഈടാക്കണം
ഇടനിലക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങി ടിക്കറ്റിനു വലിയ തുക വാങ്ങേണ്ട
ഗതികേടിലാണ് ബോട്ട് ക്ലബുകളും സിങ്കിൾ ബോട്ട് ഉടമകളും. പൂവാറിൽ ബോട്ട് സവാരിയുടെ നിരക്ക് ഏകീകരിക്കാനും പ്രധാന കവാടങ്ങളിൽ കൗണ്ടറുകൾ സ്ഥാപിച്ച് സീനിയോറിറ്റി ക്രമത്തിൽ സുരക്ഷിതമായ ബോട്ട് സവാരി ഉറപ്പ് വരുത്താനും അധികൃതർ തയ്യാറാകണമെന്ന് ദേശീയ പരിസ്ഥിതി പ്രവർത്തകൻ സുരേഷ് കുമാർ ബി.എസ് ആവശ്യപ്പെട്ടു.
നുകരാം പൂവാറിന്റെ സൗന്ദര്യം
കോവളത്ത് എത്തുന്ന ടൂറിസ്റ്റുകൾ തമിഴ്‌നാട്ടിലേക്ക് പോകുന്നതിന് മുൻപുള്ള ഇടത്താവളമാണ് പൂവാർ പൊഴിക്കര. നെയ്യാർ നദി അറബിക്കടലിൽ ലയിക്കുന്നതിവിടെയാണ്. സ്വർണ്ണ തൂമ്പയാൽ നിർമ്മിക്കപ്പെട്ട ചരിത്ര പ്രസിദ്ധമായ അനന്ത വിക്ടോറിയം മാർത്താണ്ഡവർമ്മ (എ.വി.എം) കനാൽ തമിഴ്നാട്ടിലേക്ക് കടക്കുന്നതും ഇവിടെവച്ച്. പൊഴിമുറിയുന്ന പൊഴിയൂരിലെ കുരിശടിയും നദിയിലെ വെള്ളത്തിന് നടുവിൽ ഉയർന്ന് നിൽക്കുന്ന എലിഫന്റ് റോക്കും മനോഹരമായി അലങ്കരിച്ച ഫ്ലോട്ടിംഗ് റസ്റ്റോറന്റുകളും ടൂറിസ്റ്റുകൾക്ക് കൗതുകം പകരുന്ന കാഴ്ചകളാണ്. . നെയ്യാർ നദിയിലൂടെയും എ.വി.എം കനാലിലൂടെയും ചുറ്റുമുള്ള വിശാലമായ കണ്ടൽ കാടുകൾക്കിടയിലൂടെയുള്ള ബോട്ട് സവാരി ടൂറിസ്റ്റുകൾക്ക് മറക്കാനാവാത്തതാണ്.