അങ്കമാലി (Ankamali) : ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ എതിർദിശയിൽ നിയന്ത്രണം വിട്ടുവന്ന കാറിടിച്ച് ഭാര്യ മരിച്ചു. (The wife died when the scooter the couple was riding was hit by a car that went out of control in the opposite direction.) പറവൂർ കെടാമംഗലം ഇല്ലത്ത് കോളനിയിൽ ജിജിലിന്‍റെ ഭാര്യ മിഥിലയാണ് (32) മരിച്ചത്. ശരീരമാസകലം പരിക്കേറ്റ് ഗുരുതരനിലയിലായ ജിജിലിനെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി 10.50ഓടെ അത്താണി-ചെങ്ങമനാട് റോഡിൽ അത്താണി കെ.എസ്.ഇ.ബി ഓഫിസിന് പടിഞ്ഞാറ് ഭാഗത്തെ കൊടുംവളവിലായിരുന്നു അപകടം. നെടുമ്പാശ്ശേരിയിലെ ബന്ധുവീട്ടിൽ പോയി കെടാമംഗലത്തെ വീട്ടിലേക്ക് മടങ്ങുംവഴി വിദേശത്ത് പോകാൻ കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് വിമാനത്താവളത്തിലേക്ക് വരികയായിരുന്ന കാർ ഇടിച്ചു കയറുകയായിരുന്നു.
കുത്തനെയുള്ള വളവറിയാതെ കാർ നേരെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. അവശനിലയിലായ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മിഥില വഴിമധ്യേ മരിച്ചു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.