വെഞ്ഞാറമൂട് (Venjarammood) : മക്കളെവിടെ..എന്റെ പൊന്നു മക്കൾ എവിടെ…കണ്ണു തുറന്നതു മുതൽ ഷെമിയുടെ ചോദ്യം ഇതായിരുന്നു. കാണാനെത്തുന്നവരോടെല്ലാം അവർ ഇത് ആവർത്തിച്ചു. (Where are my children…where are my golden children…this was Shemi’s question since she opened her eyes. They repeated this to all who came to see them.) ഡോക്ടർമാരോടും സന്ദർശിക്കാനെത്തിയ എം.എൽ.എ ഡി.കെ മുരളിയോടും ഷെമി ഇത് മാത്രമാണ് ചോദിച്ചത്. വേദനകളുടെ മഹാപർവ്വത്തിൽ നീറുമ്പോഴും മക്കളെ കുറിച്ച് മാത്രമായിരുന്നു ആ ഉമ്മയുടെ ചിന്ത.
വെഞ്ഞാറമൂട് കൂട്ടക്കുരുതി കേസിലെ പ്രതി അഫാന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള മാതാവ് ഷെമി കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതിയിൽ മാറ്റം വന്നതോടെ സംസാരിച്ചു തുടങ്ങിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് വ്യക്തയില്ലെങ്കിലും ബോധം വന്നപ്പോൾ മുതൽ മക്കളെ കുറിച്ച് മാത്രമാണ് ഷെമി സംസാരിക്കുന്നത്. ആദ്യം ബോധം തെളിഞ്ഞപ്പോഴും ഇളയമകൻ അഫ്സാൻ എവിടെയെന്ന് ഷെമി ചോദിച്ചതായി ബന്ധുക്കൾ പറഞ്ഞിരുന്നു.
അവരൊന്നുമരിഞ്ഞിട്ടില്ല. തന്റെ ചൂടുപറ്റി തന്റെ നിഴലായി ജീവിച്ചവൻ ഒരു കൊടുംകുറ്റവാളിയായി വിളിപ്പാടപ്പുറത്തിരിക്കുന്നത് അവരറിഞ്ഞിട്ടില്ല. അവൻ ചേർത്ത് പിടിച്ചു കൊണ്ടു നടന്നിരുന്ന കുഞ്ഞനിയനെ ..അവന്റെ ഹൃദയതാളമെന്ന് അവൻ പറഞ്ഞു കൊണ്ടിരുന്ന പ്രിയപ്പെട്ടവളെ….ഊട്ടിയും ഉറക്കിയും വാത്സല്യം പകർന്ന് വലുതാക്കിയ വല്ലിമ്മയെ മൂത്താപ്പയെ മൂത്തുമ്മയെ..എല്ലാം യാതൊരു കയ്യറപ്പുമില്ലാതെ വിറയോ വേവലാതിയോ ില്ലാതെ കൊന്നുകളഞ്ഞ കൊടുംക്രൂരനായ കുറ്റവാളിയായിരിക്കുന്നു താൻ തേടിക്കൊണ്ടിരിക്കുന്ന മകനെന്ന് അവരറിഞ്ഞിട്ടില്ല. ഇളയമകൻ അഫ്സാനും മൂന്ന് ബന്ധുക്കുമടക്കം അഞ്ചുപേർ മൂത്ത മകൻ അഫാൻ്റെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട വിവരം ഇതുവരെയും ഷെമിയെ അറിയിച്ചിട്ടില്ല. തനിക്കെന്താണ് സംഭവിച്ചതെന്ന് പോലും അവർക്ക് ഓർമയില്ല.
ഷെമിക്ക് സംസാരിക്കാനാകുന്നുണ്ടെന്നും മക്കളെ തിരക്കിയെന്നും ഡി.കെ മുരളി എം.എൽ.എ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കട്ടിലിൽ നിന്ന് മറിഞ്ഞു വീണതാണെന്ന് ഷെമി ആരോടോ പറഞ്ഞതായി ഡോക്ടർമാർ പറയുന്നു. ഇതിൽ വ്യക്തതയില്ല. സംഭവിച്ചത് എന്തെന്ന് അവർക്ക് മനസിലായിട്ടില്ലെന്നും എം.എൽ.എ പറഞ്ഞു.
അതിനിടെ, ഷെമിയുടെ ആരോഗ്യസ്ഥിതി കൂടുതൽ മെച്ചപ്പെട്ടെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. പൂർണമായും അപകടനില തരണം ചെയ്‌തെന്ന് പറയാൻ കഴിയില്ലെന്നും പൊലിസിന് മൊഴി നൽകാൻ കഴിയുന്ന ആരോഗ്യാവസ്ഥയിലാണെന്നുമാണ് ഡോക്ടർമാർ പറയുന്നത്.
തലയിൽ മുറിവുകളുണ്ട്. എന്നാൽ ചുറ്റിക കൊണ്ട് അടിച്ചതാണോയെന്ന് പറയാൻ സാധിക്കില്ല. കഴുത്തിൽ ചെറിയ തോതിലുള്ള നിറവ്യത്യാസം ഉണ്ട്. സംസാരിച്ചപ്പോൾ ബന്ധുക്കളെ അന്വേഷിച്ചെന്നും, തലച്ചോറിലെ നീര് കുറഞ്ഞു വരുന്നതായും ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞു.
ഷെമിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ട സാഹചര്യത്തിൽ ഇന്ന് പോലിസ് മൊഴിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. അന്വേഷണസംഘത്തിലെ വെഞ്ഞാറമൂട് എസ്.എച്ച്.ഒ അനൂപ് കൃഷ്ണ ഇന്നലെ ആശുപത്രിയിൽ എത്തിയിരുന്നു. ഇന്ന് ഡിവൈ.എസ്.പി മഞ്ജുനാഥിന്റെ നേതൃത്വത്തിൽ മൊഴിയെടുക്കുമെന്നാണ് അറിയുന്നത്.
കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് ഉമ്മ ഷെമി മാത്രമായിരുന്നു. കഴുത്തിൽ ഷാൾ മുറുക്കിയപ്പോൾ അർബുദ രോഗികൂടിയായ ഷെമി മരിച്ചെന്നായിരുന്നു അഫാൻ കരുതിയത്. എന്നാൽ പൊലിസ് വീട്ടിലെത്തിയപ്പോൾ ഷെമീന് ജീവനുണ്ടെന്ന് കണ്ടെത്തിയതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.