തിരുവനന്തപുരം (Thiruvananthapuram) : മേഘാ മധുവിന്റെ മരണത്തിൽ സഹപ്രവർത്തകനെതിരേ ആരോപണവുമായി പിതാവ് മധുസൂദനൻ. (Father Madhusudhanan accuses colleague of Megha Madhu’s death.) ഐബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി മകളെ സാമ്പത്തികമായി ചൂഷണം ചെയ്തെന്നാണ് ആരോപണം. ഫെബ്രുവരി മാസത്തെ ശമ്പളമടക്കം അയാളുടെ അക്കൗണ്ടിലേക്ക് മകൾ അച്ചു കൊടുത്തു. മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിൽ വെറും 80 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും പിതാവ് മധുസൂദനൻ പറഞ്ഞു.
മകളുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്ത് നോക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പല സ്ഥലത്ത് വച്ചും എടിഎം കാർഡ് മുഖേനയും സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട്. ഉച്ച സമയത്ത് ഭക്ഷണം കഴിക്കാൻ പണമില്ലാത്തതിനാൽ വരുന്നില്ലെന്ന് സുഹൃത്തുക്കളോട് പറയേണ്ടി വരുന്ന സ്ഥിതിയിലായിരുന്നു മകളുണ്ടായിരുന്നത്. ഫെബ്രുവരി 28ന് കിട്ടിയ ശമ്പളം അടക്കം ഇത്തരത്തിൽ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. എല്ലാ മാസവും ഇത്തരത്തിലുള്ള പണമിടപാട് നടന്നിട്ടുണ്ട്. ഇതിന് ശേഷം മാസചെലവിനായി മേഘയ്ക്ക് ഇയാൾ കുറച്ച് പണം നൽകുന്നതായാണ് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റിൽ നിന്നും വ്യക്തമാകുന്നത്. മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശിക്കെതിരെയാണ് മേഘയുടെ കുടുംബം ഗുരുതര ആരോപണം ഉയർത്തിയിട്ടുള്ളത്.
ജോലി സംബന്ധമായ പരിശീലന കാലത്താണ് ഇയാളുമായി മേഘ പരിചയത്തിലാവുന്നത്. ഇയാളുമായി ഇഷ്ടത്തിലായിരുന്നുവെന്നാണ് മകൾ വീട്ടിൽ പറഞ്ഞിരുന്നത്. മകൾക്ക് വാങ്ങി നൽകിയ കാർ എറണാകുളം ടോൾ കടന്നതായി സന്ദേശം ലഭിച്ചതിന് പിന്നാലെ കാർ മോഷണം പോയതാണെന്ന ധാരണയിൽ മകളെ വിളിച്ചപ്പോഴാണ് മലപ്പുറം സ്വദേശിക്കൊപ്പം എറണാകുളത്താണ് മേഘയുള്ളതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെയാണ് ഇയാളുമായി പ്രണയത്തിലാണെന്ന് മകൾ ഭാര്യയോട് പറഞ്ഞതെന്നും മധുസൂദനൻ വിശദമാക്കുന്നത്.