വയനാട് (Wayanad) : ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ വയനാട് വിറങ്ങലിച്ചിരിക്കുകയാണ്. ദുരന്തമുഖത്തേക്ക് രക്ഷാപ്രവർത്തകരുടെയും സഹായങ്ങളുടെയും ഒഴുക്കാണ്. പലതരത്തിലുള്ള സഹായങ്ങളാണ് വയനാട്ടിലേക്ക് ഒഴുകുന്നത്. ഭക്ഷ്യവസ്തുക്കളുടെ രൂപത്തിലും പണത്തിന്റെ രൂപത്തിലും മറ്റ് അവശ്യസാധനങ്ങളുടെ രൂപത്തിലും സുമനസുകളുടെ സഹായം ദുരന്തബാധിത പ്രദേശത്തേക്ക് എത്തുന്നത് അഭിനന്ദനാർഹം തന്നെയാണ്.
ഇപ്പോഴിതാ വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങളിൽ ആരെയെങ്കിലും ദത്തെടുക്കാമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് കേരളത്തിലെ ആദ്യത്തെ വിവാഹിതരായ ട്രാൻസ്‌ജെൻഡർ ദമ്പതികൾ. ഫേസ്ബുക്കിലൂടെയാണ് ദമ്പതികൾ ആഗ്രഹം പ്രകടിപ്പിച്ചത്. ഞാനും എന്റെ സൂര്യയും ആലോചിച്ചു എടുത്ത തീരുമാനമാണ്, അത് വേണ്ടപ്പെട്ട അധികാരികളും മറ്റും ഞങ്ങൾക്ക് സാധ്യമാക്കിത്തരുമോന്നു അറിയില്ല, ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഇല്ല, വയനാട് ദുരന്തത്തിൽ അച്ഛനും അമ്മയും നഷ്ട്ടപെട്ടുപോയ പിഞ്ചു കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ ഒരു കുഞ്ഞിനെ ഞങ്ങൾക്കായി തരുമെങ്കിൽ ഞങ്ങളാൽ കഴിയുന്ന എല്ലാ സന്തോഷത്തോടെയും ഏറ്റെടുക്കാൻ തയ്യാറാണ്. ഒരു കുഞ്ഞിനെ ദത്ത് എടുക്കണമെന്ന് ആലോചനയിൽ ഉള്ളത് കൊണ്ടാണ് ഇവിടെ അറിയിക്കുന്നത് എന്ന് ദമ്പതികൾ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
ഞാൻ ഇഷാൻ
പറയുന്നത് ദയവു ചെയ്ത് തെറ്റായി എടുക്കരുത്, വയനാടിനുണ്ടായ നഷ്ട്ടം, നമ്മൾ ഓരോരുത്തരുടെയും സങ്കടം ആണ്. മൻസാക്ഷിയും മനോധൈര്യവും ഇല്ലാത്ത ഒരാളെങ്കിലും ഈ നഷ്ടപ്പെടലിൽ സങ്കടപെടാതിരുന്നിട്ടുണ്ടാകില്ല, ഞാൻ ഒരു രാത്രി മുഴുവനും കരഞ്ഞിരുന്നുപോയി. നമ്മുടെ ഉറ്റവർ നഷ്ട്ടപെട്ട വേദനയാണ് ഇപ്പോഴും ഉള്ളിൽ. ഞാൻ എഴുതുന്ന ഈ ആവിശ്യം ആരെങ്കിലും വായിക്കുന്നുണ്ടെങ്കിൽ വേണ്ടപ്പെട്ടവരെ അറിയിക്കാൻ ഇടവരട്ടെ എന്ന് കരുതുന്നു. ഞങ്ങളായത് കൊണ്ട് നടപ്പിലാകുമോ എന്ന് ഉറപ്പില്ല എന്നാലും ഞങളുടെ തീരുമാനം സോഷ്യൽ മീഡിയ വഴി അറിയിക്കണമെന്ന് കരുതി. ഞാനും എന്റെ സൂര്യയും ആലോചിച്ചു എടുത്ത തീരുമാനമാണ്, അത് വേണ്ടപ്പെട്ട അധികാരികളും മറ്റും ഞങ്ങൾക്ക് സാധ്യമാക്കിത്തരുമോന്നു അറിയില്ല, ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഇല്ല, വയനാട് ദുരന്തത്തിൽ അച്ഛനും അമ്മയും നഷ്ട്ടപെട്ടുപോയ പിഞ്ചു കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ ഒരു കുഞ്ഞിനെ ഞങ്ങൾക്കായി തരുമെങ്കിൽ ഞങ്ങളാൽ കഴിയുന്ന എല്ലാ സന്തോഷത്തോടെയും ഏറ്റെടുക്കാൻ തയ്യാറാണ്. ഒരു കുഞ്ഞിനെ ദത്ത് എടുക്കണമെന്ന് ആലോചനയിൽ ഉള്ളത് കൊണ്ടാണ് ഇവിടെ അറിയിക്കുന്നത്.