മാനന്തവാടി: വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടെ ഡി.എഫ്.ഒയെ തടഞ്ഞ് പോലീസ് എത്തിയത് വിവാദത്തില്‍. ഇത് തര്‍ക്കങ്ങള്‍ക്കിടയാക്കി. ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ കയറിയ മാനന്തവാടി എസ്.എച്ച്.ഒ അഗസ്റ്റിന്‍ അദ്ദേഹത്തെ തടസ്സപ്പെടുത്തുകയും മാധ്യപ്രവര്‍ത്തകരെ അപമാനിക്കുന്ന രീതിയില്‍ ഇടപെടുകയുമായിരുന്നു. ജനങ്ങള്‍ ഒന്നടങ്കം ഭീതിയിലും ആശങ്കയിലും കഴിയുന്ന സാഹചര്യത്തില്‍ ഇന്നത്തെ ദൗത്യത്തിന്റെ കാര്യങ്ങള്‍ സംസാരിക്കുകയായിരുന്നു ഡി.എഫ്.ഒ. ഇതിനിടയിലാണ് ലൈവിലേക്ക് ഇടിച്ചുകയറി മാനന്തവാടി എസ്.എച്ച്.ഒ പ്രകോപകരമായ ഡി.എഫ്.ഒയെ തടസ്സപ്പെടുത്തിയത്. ഡി.എഫ്.ഒയെ മാധ്യമങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താനും എസ്.എച്ച്.ഒ ശ്രമിച്ചു.
ഇന്നിവിടെ ലൈവും വാര്‍ത്താ സമ്മേളനവുമൊന്നുമില്ലെന്ന് പറഞ്ഞാണ് എസ്.എച്ച്.ഒ മാധ്യമങ്ങളെ തടഞ്ഞത്. ഇതോടെ എസ്.എച്ച്.ഒയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമായി. എന്തിനാണ് സംസാരം തടസ്സപ്പെടുത്തിയത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായി മറുപടി പറയാന്‍ എസ്.എച്ച്.ഒ തയ്യാറായില്ല. കടുവാ ദൗത്യം ഇന്നും തുടരുന്നുണ്ടെന്നാണ് ഡി.എഫ്.ഒ മാധ്യമങ്ങളോട് അറിയിച്ചത്. കടുവയെ കൂടുവെച്ച് പിടികൂടുന്നതിനാണ് പരിഗണന നല്‍കുന്നത്. ഇന്നലെ കടുവയെ കണ്ടു എന്ന് പറയുന്ന പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും സാന്നിധ്യം സ്ഥിരീകരിക്കാനായിരുന്നില്ല.