“പ്രസംഗിക്കാനൊന്നുമറിയില്ല ഓടാൻ മാത്രമേ എനിക്കറിയൂ…” ദുബായിൽ വച്ച് നടന്ന പ്രഥമ ഇന്റർനാഷണൽ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അഭിമാന നേട്ടം കൊയ്ത ലിൻസി കുര്യാക്കോസിന്റെ തീർത്തും നിഷ്കളങ്കമായ വാക്കുകളാണിത്. ലോങ് ജംപ്, ഹൈജംപ്,100 മീ ഓട്ടം എന്നീ മത്സരഇനങ്ങളിൽ സ്വർണ്ണ മെഡലും 200 മീറ്ററിൽ വെള്ളിയും കരസ്ഥമാക്കിയാണ് ലിൻസി സുന്ദരനേട്ടം കൊയ്തത്.
വയനാട് ജില്ലയിലെ ബത്തേരി കല്ലുമുക്ക് സ്വദേശിനിയാണ് ലിൻസി. ചെറുപ്പം മുതൽക്കുതന്നെ കായിക മത്സരങ്ങളോടുള്ള അതിയായ താല്പര്യം കാരണം പല തടസ്സങ്ങളും അതിജീവിച്ചു കൊണ്ട്, ദിവസവും രണ്ട് കിലോമീറ്ററോളം നടന്നാണ് സ്ക്കൂൾ പഠനം പൂർത്തിയാക്കിയത്. കേരളോത്സവം, പഞ്ചായത്ത് തല മത്സരങ്ങൾ, അയൽക്കൂട്ടം പരിപാടികൾ എന്നിങ്ങനെ ലഭിച്ച ചെറുതും വലുതുമായ അവസരങ്ങളിലെല്ലാം ലിൻസി തന്റെ കായികമായ കഴിവ് തെളിയിച്ചു.
ജീവിതത്തിരക്കുകൾക്കിടയിൽ തനിവീട്ടമ്മയായി മാറുകയും താൻ ഏറെ സ്നേഹിച്ചിരുന്ന സ്പോർട്സിനെ മാറ്റിവയ്ക്കേണ്ടി വരികയും ചെയ്തു. ഇതിനിടെ നാല് കുട്ടികളുടെ അമ്മയായി. എങ്കിലും ലിൻസിയുടെ മനസ്സ് സാഹസികമായ പുതിയ മേഖലകൾ തേടിക്കൊണ്ടിരുന്നു. വാഹനങ്ങളോടും ഡ്രൈവിങ്ങിനോടുമുള്ള ഇഷ്ടവും, ഡ്രൈവറായ ഭർത്താവ് അജിയുടെ പിന്തുണയും കൊണ്ട് ഹെവി വെഹിക്കിൾ ലൈസൻസ് എടുത്തായിരുന്നു ലിൻസിയുടെ അടുത്ത ചുവട് വയ്പ്പ്. പരിശീലനത്തിന് ഒട്ടും സമയം കിട്ടാതിരുന്ന നാളുകളിലും മകളെ അംഗനവാടിയിൽ വിട്ട് തിരിച്ചു വരുമ്പോൾ കയറ്റങ്ങൾ വളരെ വേഗതയോടെ ചാടിക്കയറുന്നത് ശീലമാക്കി. സ്ക്കൂൾ പഠനകാലത്തെ പരിശീലകരായ ശ്രീജിത്ത് മാഷും, ലൂക്കോമാഷും എല്ലാ പിൻതുണയും നൽകി. ഇത്തരത്തിലുള്ള പരിശീലനവഴികൾ മഹാരാഷ്ട്ര നാസിക്കിൽ വച്ച് നടന്ന ഹൈജംപ്, ലോങ് ജംപ് 100 മീ. 200 മീ ഓട്ടം എന്നിവയിൽ തന്റെ സാന്നിധ്യം ഉറപ്പിക്കാൻ ലിൻസിയെ പ്രാപ്തയാക്കി. തൃശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ 100, 200മീറ്ററിലും , 4×400 റിലേയിലും സ്വർണ്ണ മെഡൽ നേടി.
സൗത്ത് കൊറിയയിൽ വച്ച് നടന്ന ഏഷ്യ പസഫിക് ഗെയിംസിൽ 200 മീ. അത്‌ലറ്റിക്കിൽ വെള്ളി മെഡൽ നേടിയതോടെയാണ് ലിൻസിയുടെ ജീവിതത്തിന്റെ ഗതി മാറുന്നത്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരുടെ സാമ്പത്തിക പിന്തുണയിലാണ് മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുത്തത്. തുടർന്ന് NITC ഇന്ത്യയുടെ പതിനഞ്ചാമത് ബ്രാഞ്ചായ വയനാട് സുൽത്താൻ ബത്തേരി ബ്രാഞ്ചിന്റെ ഉത്ഘാടന ചടങ്ങിൽ സൗത്ത് ഇന്ത്യൻ ചെയർമാൻ ശ്രീ. കെ.പി മനോജ് കുമാർ ക്യാഷ് അവാർഡും സുസ്ഥിര വരുമാനവും ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനവും നൽകി. അവിടെ നിന്ന് ലഭിച്ച പ്രോത്സാഹനമാണ് ദുബായിയിൽ വച്ച് നടന്ന ആദ്യ ഇന്റർനാഷണൽ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ ലിൻസിയെ പ്രേരിപ്പിച്ചത്. ഇനി അമേരിക്കയിൽ നടക്കുന്ന ഇന്റർനാഷണൽ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പാണ് ലിൻസിയുടെ അടുത്ത ലക്ഷ്യം.
പുരസ്കാരങ്ങളുടെ നിറവിലും അഭിനന്ദന പ്രവാഹങ്ങളുടെ അനസ്യൂതമായ ഒഴുക്കിലും വളരെ തിരക്കിലാണ് ലിൻസി. എങ്കിലും ഈ വിജയത്തിന്റെ പിന്നിലെ രഹസ്യത്തെക്കുറിച്ച് ചോദിക്കുമ്പോൾ ലിൻസിയ്ക്ക് പറയാനുള്ള മറുപടി ഇങ്ങനെയാണ് – “അത് അജി ചേട്ടായിയേയും മക്കളേയും കൂട്ടുപിടിച്ച് ആന, കടുവ, പന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ സഞ്ചാര കേന്ദ്രങ്ങളിലൂടെയുള്ള നിരന്തരമായ പരിശീലനം തന്ന ആത്മധൈര്യവും, പിന്നെ ഒരുപാട് പേരുടെ പ്രാർത്ഥനയും…”