തൃശ്ശൂര്‍: കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ചേറ്റൂര്‍ ശങ്കരന്‍ നായരെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതിനു പിന്നാലെ സ്വാതന്ത്ര്യസമരസേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വി.ആര്‍. കൃഷ്ണനെഴുത്തച്ഛനെയും ഉന്നമിട്ട് ബിജെപി. വി.ആറിന്റെ 21-ാം ചരമവാര്‍ഷികദിനമായ മെയ് 13-ന് അനുസ്മരണസദസ്സിലൂടെയാണ് ശ്രമം. കോണ്‍ഗ്രസും ചൊവ്വാഴ്ച പരിപാടി സംഘടിപ്പിക്കുന്നുണ്ട്.
വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്റെ അവണിശ്ശേരിയിലെ വീട്ടിലാണ് ഇരുകൂട്ടരുടെയും പുഷ്പാര്‍ച്ചനകള്‍. രാവിലെ എട്ടിന് കോണ്‍ഗ്രസിന്റെയും ഒന്‍പതിന് ബിജെപിയുടേതും. കോണ്‍ഗ്രസിന്റെ അനുസ്മരണയോഗം 9.30-ന് തൊട്ടടുത്തുള്ള വി.ആര്‍. നവതിമന്ദിരത്തിലാണ്. ബിജെപി 9.30-ന് വി.ആറിന്റെ വീട്ടില്‍ത്തന്നെയാണ് അനുസ്മരണം നടത്തുന്നത്. കോണ്‍ഗ്രസിന്റെ പരിപാടി വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. ബിജെപി പരിപാടി ശോഭാ സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്യുക.
സ്വാതന്ത്ര്യസമരസേനാനി എന്ന വിശേഷണം മാത്രമാണ് ഇതു സംബന്ധിച്ച ബിജെപി നോട്ടീസിലുള്ളത്. എന്നാല്‍, കോണ്‍ഗ്രസ് നോട്ടീസില്‍ മറ്റുവിശേഷണങ്ങള്‍ക്കൊപ്പം മരണംവരെ കറകളഞ്ഞ കോണ്‍ഗ്രസുകാരനായിരുന്നു എന്നും ചേര്‍ത്തിട്ടുണ്ട്. ബിജെപി എന്തുകൊണ്ട് ഇതുവരെ ഇത്തരത്തിലുള്ള അനുസ്മരണം നടത്തിയില്ലെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ചോദിച്ചു. കുടുംബം വര്‍ഷങ്ങളായി ബിജെപിയോടൊപ്പമാണ് എന്നും സുരേഷ്ഗോപി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ മുന്‍പും ഇവിടെ പുഷ്പാര്‍ച്ചന നടത്തിയിരുന്നെന്ന് ബിജെപി സിറ്റി ജില്ല പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് പറഞ്ഞു.