വിലപ്പെട്ടതാണ് വോട്ട്, പാഴാക്കരുത്…

Written by Web Desk1

Published on:

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിലെ അംഗങ്ങളാണ്, സമ്മതിദാനാവകാശമുള്ള ഭാരതീയരായ നാം ഓരോരുത്തരും. ഓരോ വോട്ടിന്റേയും മൂല്യം വലുതാണ്. പാഴാക്കരുത്. വോട്ടവകാശം എന്നതു വെറും അവകാശമല്ല. ഓരോ പൗരന്റേയും കടമയും ചുമതലയുമാണ്. സ്വാതന്ത്ര്യ ലബ്ധിയോടെ നമ്മുടെ ഭരണ സംവിധാനത്തെ കണ്ടെത്താനുള്ള അധികാരവും അവകാശവും കൈവന്ന നമ്മള്‍ ആ അവകാശം ശ്രദ്ധയോടെ ഉപയോഗിക്കുമ്പോഴാണ് രാഷ്‌ട്രം ശക്തിപ്രാപിക്കുന്നത്. ആ പ്രക്രിയയുടെ ഭാഗമാവുകയാണ്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളോടൊപ്പം ഇന്നു കേരളവും. വിവേചനബുദ്ധിയോടെ ഉപയോഗിക്കുമ്പോഴാണ് എന്തിനും അതിന്റേതായ ശക്തിയും മൂല്യവും കൈവരുന്നത്. സമ്മതിദാനാവകാശം ഉപയോഗിക്കുമ്പോഴും ഓരോരുത്തരും മനസ്സില്‍ കരുതിവയ്‌ക്കേണ്ട കാര്യമാണത്.

മാറ്റങ്ങള്‍ കാലഗതിയുടെ ഭാഗമാണെന്ന് അറിയുമ്പോഴും, ഭാരതം സുപ്രധാനവും നിര്‍ണായകവുമായ ഘട്ടത്തിലൂടെ കടന്നു പോകുന്ന കാലമാണിതെന്ന വ്യക്തമായ ബോധം നമുക്ക് ഓരോരുത്തര്‍ക്കും വേണം. സ്വത്വം വീണ്ടെടുത്ത് തനതു സംസ്‌കൃതിയില്‍ ഊന്നിനിന്ന് കരുത്തുറ്റ ഭാവിയിലേയ്‌ക്കു ചുവടുവയ്‌ക്കുന്ന ഭാരതം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. രാഷ്‌ട്ര പുരോഗതി എന്നതു കേവലം ഭൗതിക നേട്ടം മാത്രമല്ലെന്നും മാനവികതയ്‌ക്ക് അതില്‍ വലിയ പങ്കുണ്ടെന്നും ഭാരതം ലോകത്തിനു കാണിച്ചുകൊടുത്തുകൊണ്ടിരിക്കുന്നു.

വിശ്വ സാഹോദര്യത്തിന്റെ സന്ദേശമാണ് ഇന്നു ഭാരതത്തിന്റെ ശബ്ദത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ലോകം ഭാരതത്തെ കേള്‍ക്കാന്‍ കാത്തിരിക്കുന്നു. ആധുനിക ശാസ്ത്ര, സാങ്കേതിക, പര്യവേക്ഷണ മേഖലകളിലെല്ലാം കൈവരിക്കുന്ന നേട്ടങ്ങളിലൂടെ ആഴിമുതല്‍ ആകാശംവരെ കീഴടക്കുമ്പോഴും ആര്‍ഷഭാരത സംസ്‌കാരത്തിന്റെ ഈ അടിത്തറയില്‍ ഉറച്ചുനില്‍ക്കാന്‍ ഇന്നത്തെ ഭാരതത്തിനു കഴിയുന്നു എന്നതാണ് ലോകത്തെ അത്ഭുതപ്പെടുത്തുന്ന യാഥാര്‍ഥ്യം.

See also  കുഴിമന്തിയും അല്‍ഫാമും കഴിച്ചു; 21 പേര്‍ ആശുപത്രിയില്‍

Related News

Related News

Leave a Comment