സംസ്ഥാനത്തെ മുന്നൂറോളം ഔട്ട്‌ലെറ്റു (Out let) കളില്‍ വിഷു ചന്തകള്‍ (Vishu Market) ഇന്ന് തുടങ്ങും. ചന്തകള്‍ തുടങ്ങാന്‍ കോടതി അനുവദിച്ചതോടെയാണ് കണ്‍സ്യൂമര്‍ഫെഡി (Consumer Fed) ന് നിര്‍ദ്ദേശം നല്‍കിയത്. ഇന്നുമുതല്‍ വിഷു കഴിയുന്നതുവരെയുള്ള ഒരാഴ്ച 13 ഇന സാധനങ്ങള്‍ വിലക്കുറവില്‍ കണ്‍സ്യൂമര്‍ഫെഡ് ലഭ്യമാക്കും. എല്ലാ ഔട്ട്‌ലെറ്റുകളിലും സാധനങ്ങള്‍ എത്തിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഉപാധികളോടെയാണ് വിഷുച്ചന്ത തുടങ്ങാന്‍ കണ്‍സ്യൂമര്‍ഫെഡിന് ഹൈക്കോടതി അനുമതി നല്‍കിയത്. വിപണന മേളകളെ സര്‍ക്കാര്‍ ഒരു തരത്തിലുമുള്ള പ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിറക്കി. ചന്തകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യത്തില്‍ ഇടപെടാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
റംസാന്‍- വിഷു വിപണന മേളകള്‍ക്ക് തെരഞ്ഞെടുപ്പ് സമയമായതിനാലാണ് അനുമതി നിഷേധിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ കണ്‍സ്യൂമര്‍ ഫെഡ് നല്‍കിയ ഹര്‍ജി രാവിലെ പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനെതിരെ കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. മനുഷ്യന്റെ ഗതികേട് മുതലെടുത്ത് വോട്ട് തേടരുതെന്നായിരുന്നു വിമര്‍ശനം.