തിരുവനന്തപുരം: ‘ഭയം വേണ്ട ജാഗ്രത മതി’ എന്ന് ആരോഗ്യവകുപ്പ് നിരന്തരം ആവർത്തിക്കുമ്പോഴും പകർച്ചപ്പനിയിൽ പൊള്ളുകയാണ് ജില്ല. പനി മാറിയാൽ വിട്ടുമാറാത്ത ചുമയാണ് പലരെയും അലട്ടുന്നത്.
രണ്ട് മാസംവരെ നീളുന്ന ചുമ കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് പലരിലും സൃഷ്ടിച്ചിരിക്കുന്നത്. ശ്വാസകോശ അനുബന്ധരോഗങ്ങളുടെ ഗണത്തിൽപെടുത്തി പലരെയും അത്തരം ചികിത്സയിലേക്ക് ഡോക്ടർമാർ നിർദേശിക്കുകയാണ്.
ഇതിനിടെ ഒരുതവണ പനിവന്നവരിൽ രണ്ടുംമൂന്നും തവണ പനി ബാധിക്കുന്നതും ഇപ്പോൾ വർധിച്ചുവരുന്നു. ജില്ലയിൽ പത്ത് ദിവസത്തിനിടെ 73,500 പേർക്ക് പനിബാധിച്ചു എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ നൽകുന്ന വിവരം. ഒപ്പം ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഡിസംബർ ഒന്നു മുതൽ പത്തുവരെ 572 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
1051 പേർ സമാന ലക്ഷണങ്ങളുമായി ചികിത്സ തേടി. ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഈ കാലയളവിൽ 47 പേർക്ക് എലിപ്പനിയും ഒരു മരണവും റിപ്പോർട്ട് ചെയ്തു. എലിപ്പനി സമാനലക്ഷണങ്ങളുമായി 62 പേർ ചികിത്സതേടുകയും നാല് മരണവും ഇതിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.