ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടി വിന്‍സി അലോഷ്യസ് താര സംഘടനയായ അമ്മയ്ക്ക് നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത്. സിനിമാ സെറ്റില്‍ വച്ച് ഷൈന്‍ ടോം ചാക്കോ ലൈംഗികച്ചുവയോടെ സംസാരിച്ചു എന്നാണ് ഫിലിം ചേംബറിനും താരസംഘടനയായ ‘അമ്മ’യ്ക്കും നല്‍കിയ പരാതിയില്‍ പറയുന്നത്.
ഷൂട്ടിങ്ങിനിടെ വസ്ത്രം ശരിയാക്കാന്‍ അടുത്ത റൂമിലേക്ക് മാറിയപ്പോള്‍ പിന്നാലെ വന്നു, വസ്ത്രം ശരിയാക്കി തരാമെന്ന് പറഞ്ഞു. ഷൈന്‍ ലഹരി ഉപയോഗിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ കണ്ണുകള്‍ തടിച്ചുവരുകയും ചിത്രീകരണം തടസപ്പെടാന്‍ ഇത് കാരണമാവുകയും ചെയ്തു. തനിക്കു മാത്രമല്ല, സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും ഷൈനില്‍ നിന്ന് ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടതായി വന്നുവെന്നും വിന്‍സിയുടെ പരാതിയിലുണ്ട്.
കഴിഞ്ഞ നവംബറിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. അതേസമയം, നിലവില്‍ പൊലീസിന് പരാതി നല്‍കുന്നില്ല, സിനിമാസംഘടനയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്, അവര്‍ അന്വേഷിക്കട്ടെ എന്നാണ് വിന്‍സി പറയുന്നത്.
പുറത്തിറങ്ങാനിരിക്കുന്ന ‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റില്‍ ആയിരുന്നു മോശം പെരുമാറ്റം. ഫിലിം ചേംബറിലും ‘അമ്മ’ സംഘടനയിലും നടി പരാതി നല്‍കിയിട്ടുണ്ട്. നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സ്റ്റേറ്റ് ഇന്റലിജന്‍സും അന്വേഷണം തുടങ്ങിയിരുന്നു. വിന്‍സിയില്‍ നിന്ന് പരാതി വാങ്ങി കേസെടുക്കാന്‍ പൊലീസും ശ്രമം ആരംഭിച്ചിരുന്നു.