തൃശ്ശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍

Written by Taniniram

Published on:

തൃശൂര്‍: കൈക്കൂലി വാങ്ങവേ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍. വില്‍വട്ടം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ കൃഷ്ണകുമാറാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സിന്റെ പിടിയിലായത്.വില്‍വട്ടം വില്ലേജ് പരിധിയില്‍ പെടുന്ന പരാതിക്കാരന്റെ വസ്തു പരിശോധിച്ച് അവകാശ സര്‍ട്ടിഫിക്കറ്റിനായി ലഭ്യമാക്കുന്നതിന് അപേക്ഷിച്ച പരാതിക്കാരനോട് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് 2000 രൂപ കൈക്കൂലി വേണമെന്ന് കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് പരിശോധനയ്ക്കായി പോയ കൃഷ്ണകുമാറിനോട് 1000 രൂപ നല്‍കാമെന്ന് പറഞ്ഞപ്പോള്‍ അത് പോരായെന്നും 2000 രൂപ തികച്ചും വേണമെന്നും പരാതിക്കാരനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സര്‍ട്ടിഫിക്കറ്റിനായി ഫോണില്‍ ബന്ധപ്പെട്ട പരാതിക്കാരനോട് ഇന്നലെ 2000 രൂപയുമായി വില്ലേജ് ഓഫീസില്‍ എത്തുവാന്‍ കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പരാതിക്കാരന്‍ വിവരം വിജിലന്‍സ് തൃശൂര്‍ യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.സി. സേതുവിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി ഇന്നലെ ഉച്ചക്ക് 12.45 ഓടെ വില്‍വട്ടം വില്ലേജ് ഓഫീസില്‍ വച്ച് പരാതിക്കാരനില്‍ നിന്നും 2000 രൂപ കൈക്കൂലി വാങ്ങി ഒളിപ്പിക്കാന്‍ ശ്രമിക്കവെ കൃഷ്ണകുമാറിനെ ഓഫീസില്‍വച്ച് കൈയോടെ പിടികൂടുകയായിരുന്നു.

അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. വിജിലന്‍സ് സംഘത്തില്‍ ഡിവൈ.എസ്.പിയെ കൂടാതെ ഇന്‍സ്പെക്ടര്‍മാരായ ഇഗ്നേഷ്യസ്, ജയേഷ്ബാലന്‍, സ്റ്റെപ്റ്റോ ജോണ്‍, പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ രാജന്‍, ജയകുമാര്‍, ബൈജു, സുദര്‍ശനന്‍, കമല്‍ദാസ്, പോലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്, ജോഷി, നിപാഷ്, വിബീഷ്, സൈജുസോമന്‍, അരുണ്‍, ഗണേഷ്, സുധീഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പറിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ടി.കെ. വിനോദ് കുമാര്‍ അഭ്യര്‍ഥിച്ചു.

See also  രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തു; പോലീസ് വാഹനം തടഞ്ഞ് പ്രവർത്തകർ

Related News

Related News

Leave a Comment