തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് പേരുമല ആര്‍ച്ച് ജംഗ്ഷന്‍ സല്‍മാസില്‍ അബ്ദുല്‍ റഹീം നാട്ടിലെത്തി. രാവിലെ 7.55ന് തിരുവനന്തപുരം വിമാനത്താവളത്തിലാണ് റഹീം എത്തിയത്. വ്യാഴാഴ്ച 12.15നായിരുന്നു ദമാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്. മാനസികമായി തളര്‍ന്ന റഹീം ആദ്യം ഭാര്യ ഷെമിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. രണ്ട് ദിവസമായി ശരിയായി ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു റഹീം.
സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് അബ്ദുല്‍ റഹീമിനു നാട്ടിലേക്കു തിരിക്കാനായത്. ഇഖാമ കാലാവധി തീര്‍ന്ന് രണ്ടര വര്‍ഷമായി സൗദിയില്‍ യാത്രാവിലക്ക് നേരിടുകയാണ് ഇദ്ദേഹം. റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ സാമൂഹ്യ സംഘടനകള്‍ ശ്രമം തുടങ്ങിയിരുന്നു. ഇതാണ് ഫലം കണ്ടത്. റഹീം നാട്ടില്‍ വന്നിട്ട് ഏഴ് വര്‍ഷമായി. ഇഖാമ കാലാവധി തീര്‍ന്നിട്ട് രണ്ടര വര്‍ഷമായി. മരിച്ച കുടുംബാംഗങ്ങളെ അവസാനമായൊന്ന് കാണണമെങ്കില്‍ പോലും നടപടികള്‍ തീരുന്നത് വരെ കാത്തിരുന്നേ പറ്റുമായിരുന്നുള്ളൂ. ഒന്നുകില്‍ സ്‌പോണ്‍സറെ കണ്ടെത്തി ഇഖാമ പുതുക്കി പിഴയടച്ച് യാത്രാവിലക്ക് നീക്കണമെന്നായിരന്നു അവസ്ഥ. അല്ലെങ്കില്‍ എംബസി വഴി, ലേബര്‍ കോടതിയുടെ മുമ്പിലെത്തിച്ച് ഡീപോര്‍ട്ട് ചെയ്യിക്കണമായിരുന്നു. വര്‍ഷങ്ങളായി റിയാദിലായിരുന്ന റഹീം കച്ചവടത്തിലെ തകര്‍ച്ചയെത്തുടര്‍ന്നാണ് പ്രതിസന്ധിയിലായത്. പിന്നീട് ദമാമിലേക്ക് മാറുകയായിരുന്നു. അതേസമയം, റഹീമിന്റെ മാനസികാവസ്ഥ കൂടി പരിഗണിച്ച് ചോദ്യംചെയ്യാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. റഹീമിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. ഇത്രത്തോളം സാമ്പത്തിക ബാധ്യത കുടുംബത്തിന് എങ്ങനെ ഉണ്ടായി എന്നതടക്കമുള്ള വിവരങ്ങള്‍ റഹീമില്‍നിന്നു പോലീസ് ചോദിച്ചറിയും.