തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ അഫാനെതിരെ മൊഴി നല്‍കാന്‍ ആദ്യം വിസമ്മതിച്ച മാതാവ് ഷെമി ആദ്യത്തെ ആഘാതത്തില്‍ നിന്ന് പതുക്കെ മുക്തയാവുകയാണ്. കൂട്ടക്കൊലയില്‍ നിന്നും രക്ഷപെട്ടത് അഫാന്റെ മാതാവ് മാത്രമായിരുന്നു. ഇവര്‍ ഇപ്പോള്‍ വീട്ടില്‍ പോകാന്‍ കഴിയാതെ ഒരു അഭയ കേന്ദ്രത്തില്‍ കഴിയുകയാണ്. മകന്‍ അരുംകൊല ചെയ്തുവെന്ന് വിശ്വസിക്കാതിരുന്ന മാതാവ് ഷെമി ഇപ്പോള്‍ സംഭവ ദിവസം നടന്നത് അടക്കമുള്ള വിവരങ്ങള്‍ തുറന്നു പറയുകയാണ്. ഒരു സ്വകാര്യ ചാനലിനോടാണ് ഷെമിയുടെ തുറന്ന് പറച്ചില്‍. മകന്‍ ലോണ്‍ ആപ്പുകള്‍ വഴി പണം കടമെടുത്തിരുന്നു.
അഫാന്‍ എടുത്ത പണം തിരിച്ചടക്കാതിരുന്നതോടെ നിരന്തരം സമ്മര്‍ദ്ദമുണ്ടായി .ആക്രമണത്തിന്റെ തലേ ദിവസം തുടര്‍ച്ചയായി ഫോണ്‍കോളുകള്‍ വന്നിരുന്നു. ഇതെല്ലാമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. അതേസമയം വീട് വിറ്റാല്‍ തീരാവുന്ന കടബാധ്യതയേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഷെമി പറഞ്ഞത്. തങ്ങള്‍ക്കുണ്ടയായിരുന്നത് 25 ലക്ഷം രൂപയുടെ ബാധ്യത മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അന്ന് സംഭവിച്ച പലതിനെ കുറിച്ചും പകുതി ബോധം മാത്രമാണ് ഉള്ളത്. അഫാന്‍ തന്നെ ബോധരഹിതയാക്കാന്‍ എന്തോ നല്‍കിയെന്നു സംശയിക്കുന്നതായും ഉമ്മ പറഞ്ഞു. ഉമ്മ ക്ഷമിക്കണമെന്ന് പറഞ്ഞു മകന്‍ കഴുത്തില്‍ ഷാള്‍ കുരുക്കിയെന്നും മാതാവ് ഷെമി പറയുന്നു.