തിരുവനന്തപുരം : നാടിനെ ഞെട്ടിച്ച വെഞ്ഞാറമ്മൂട് കൂട്ടക്കൊലയില്‍ മകന്‍ അഫാനെതിരെ മൊഴി നല്‍കാതെ മാതാവ് ഷെമി. തുടര്‍ച്ചയായി പോലീസ് ചോദിച്ചിട്ടും കട്ടിലില്‍ നിന്നു വീണാണു തലയ്ക്കു പരുക്കേറ്റതെന്ന മൊഴിയിലുറച്ച് നില്‍ക്കുകയാണ് അമ്മ ഷെമി. വെഞ്ഞാറമൂട് എസ്എച്ച്ഒ: ആര്‍.പി.അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലിളള സംഘം ഷെമിയെ കണ്ടിരുന്നു. അഫാന്‍ മറ്റുളളവരെ ക്രൂരമായി വധിച്ച കാര്യങ്ങള്‍ ഷെമിയോട് പറഞ്ഞു. പിന്നീട് തലയ്ക്കു പരുക്കേറ്റത് എങ്ങനെയെന്നു ചോദിച്ചു. കട്ടിലില്‍നിന്നു വീണാണു പരുക്കേറ്റതെന്ന് ഷെമി അറിയിച്ചു. കട്ടിലില്‍ നിന്നു വീണാല്‍ ഇത്രയും വലിയ പരുക്കേല്‍ക്കില്ലല്ലോ എന്ന ചോദ്യത്തിന്, ആദ്യം വീണതിനു ശേഷം എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും തലകറങ്ങി വീണു പരുക്കേറ്റുവെന്ന് ഷെമി മറുപടി നല്‍കി.
സംഭവദിവസം രാവിലെ നടന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചോദിച്ചപ്പോള്‍ വിഷയം മാറ്റിയ ഷെമി വിശക്കുന്നു, ശരീരം തളരുന്നു എന്നെല്ലാം പറഞ്ഞ് ഒഴിഞ്ഞുമാറി. കടബാധ്യതയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഷെമിയുടെ ഡയറിയിലെ വിവരങ്ങള്‍ സംബന്ധിച്ചും ചോദിച്ചെങ്കിലും വ്യക്തമായ മറുപടി പോലീസിന് ലഭിച്ചില്ല. പ്രത്യേക സംരക്ഷണ കേന്ദ്രത്തിലാണ് ഷെമിയെ പാര്‍പ്പിച്ചിരിക്കുന്നത്.