നാല് ആഴ്ചയ്ക്കുള്ളിൽ ഹെൽത്ത് കാർഡ് എടുത്തില്ലെങ്കിൽ കർശന നടപടി: മന്ത്രി വീണാ ജോർജ്

Written by Taniniram

Published on:

സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ നാലാഴ്ചയ്ക്കുള്ളിൽ ഹെൽത്ത് കാർഡ് എടുത്തില്ലെങ്കിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ ചില ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ലെന്നും ചിലർ പുതുക്കിയിട്ടില്ലെന്നും കണ്ടെത്തി. പുതുതായി ജോലിയ്ക്കെത്തിയവർക്ക് ഹെൽത്ത് കാർഡ് എടുക്കാനും കാലാവധി കഴിഞ്ഞവർക്ക് പുതുക്കാനുമുള്ള സാവകാശമാണ് നൽകുന്നത്. കാരുണ്യ ഫാർമസികൾ വഴി വളരെ കുറഞ്ഞ നിരക്കിൽ ടൈഫോയ്ഡ് വാക്സിൻ ലഭ്യമാക്കിയിരുന്നു. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

             സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകൾ ശക്തമായി നടന്നു വരുന്നു. കഴിഞ്ഞ ജൂൺ മാസത്തിലും ഈ മാസം ഇതുവരെയുമായി ആകെ 7,584 പരിശോധനകളാണ് നടത്തിയത്. 206 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. 28,42,250 രൂപ പിഴയായി ഈടാക്കി. 1065 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 3798 സർവൈലൻസ് സാമ്പിളുകളും ശേഖരിച്ചു. 741 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 720 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. 54 സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടികളും 90 സ്ഥാപനങ്ങൾക്കെതിരെ അഡ്ജ്യൂഡിക്കേഷൻ നടപടികളും സ്വീകരിച്ചു.

             ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്ഥിരം പരിശോധനകൾ കൂടാതെ പ്രത്യേക ഡ്രൈവുകളും സംഘടിപ്പിച്ചു. ഷവർമ പ്രത്യേക സ്‌ക്വാഡ് 512 പരിശോധനകൾ നടത്തി. അതിൽ 52 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി 1993 പരിശോധനകൾ നടത്തി. 90 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി 2645 പരിശോധനകൾ നടത്തുകയും 107 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും ചെയ്തു. മത്സ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താനായി നടത്തിയ പ്രത്യേക ഡ്രൈവിൽ 583 പരിശോധനകൾ നടത്തി. 498 കിലോഗ്രാം കേടായ മത്സ്യം നശിപ്പിച്ച് നടപടി സ്വീകരിച്ചു.

See also  സംസ്ഥാനത്തെ 150 ആയുഷ് ആരോഗ്യ കേന്ദ്രങ്ങൾക്ക് എൻ എ ബി എച്ച് സർട്ടിഫിക്കറ്റ്

Related News

Related News

Leave a Comment