ഇടുക്കി (Idukki) : ഇടുക്കിയിലെ സർക്കാർ വാർഷിക ആഘോഷ പരിപാടിയിൽ വിവാദങ്ങൾക്കിടെ റാപ്പർ വേടൻ ഇന്ന് പാടും. (Rapper Vedan will perform today at the government’s annual celebration event in Idukki amid controversies.) വൈകിട്ട് 7 മണിക്ക് വാഴത്തോപ്പ് സ്കൂൾ മൈതാനിയിൽ നടക്കുന്ന സംഗീതനിശയിലേക്ക് പരമാവധി 8000 പേർക്ക് മാത്രമാണ് പ്രവേശനം. സ്ഥല പരിമിതി മൂലമാണ് തീരുമാനം. കൂടുതൽ പേർ എത്തുന്ന സാഹചര്യം ഉണ്ടായാൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ പേർ എത്തിയാൽ വേദിയിലേക്കുള്ള റോഡുകൾ ബ്ലോക്ക് ചെയ്യും. അനിയന്ത്രിതമായ സാഹചര്യം ഉണ്ടായാൽ പരിപാടി റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വേടന്റെ പരിപാടി. ഉദ്ഘാടന ദിവസമായ 29ന് വേടൻ്റെ പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. 28ന് കഞ്ചാവ് കേസിൽ പിടിയിലായതോടെ പരിപാടി റദ്ദാക്കിയിരുന്നു. സിപിഐഎമ്മും സിപിഐയും വേടന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടുക്കിയിൽ പരിപാടി അവതരിപ്പിക്കാൻ വേടന് വേദി നൽകാൻ തീരുമാനിച്ചത്. വൈകിട്ട് ഏഴ് മണിക്ക് വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലാണ് പരിപാടി. വലിയ സുരക്ഷാക്രമീകരണങ്ങളാണ് പരിപാടിയുടെ ഭാഗമായി പൊലീസ് ഒരുക്കുന്നത്. സുരക്ഷക്കായി 200 പൊലീസുകാരെയാണ് വിന്യസിപ്പിക്കുക.