തിരുവനന്തപുരം: വിരമിച്ച ഹൈക്കോടതി ജഡ്ജി ചെയർമാനായുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ തിരുവനന്തപുരത്തെ കോടതി ഹാളിലാണ് പ്രണയദിനാഘോഷം സംഘടിപ്പിച്ചത്. ഇതിന് നേതൃത്വം നൽകിയത് ആകട്ടെ ചെയർമാൻ സി കെ അബ്ദുൽ റഹീമും ജുഡീഷ്യൻ മെമ്പർ എം ആർ ശ്രീലതയും. സംഘാടകനായി ജില്ലാ ജഡ്ജി സ്ഥാനത്ത് നിന്ന് വിരമിച്ചശേഷം അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ രജിസ്ട്രാർ ആയി ജോലി നോക്കുന്ന എസ് വി ഉണ്ണികൃഷ്ണൻ നായരും.
പ്രണയദിനമായ ഫെബ്രുവരി 14നായിരുന്നു ആഘോഷം. കോടതിയുടെ പവിത്രതയ്ക്കും മാന്യതയ്ക്കും നിര ക്കുന്നതായിരുന്നില്ല പ്രണയദിനാഘോഷം എന്ന വിമർശനമാണ് ഉയർന്നിട്ടുള്ളത്. കോടതിമുറികൾ ആഘോഷങ്ങൾക്ക് ഉള്ളതല്ല എന്നതാണ് മാർഗരേഖയും കീഴ് വഴക്കവും. വാദം കേട്ടു വിധിപറയാനും ഏതെങ്കിലും അത്യാവശ്യ സന്ദർഭങ്ങളിൽ റഫറൻസ് നടത്താനും മാത്രമാണ് കോടതിമുറികൾ ഉപയോഗിക്കുക.
കോടതിമുറികളിൽ അഭിഭാഷകർക്കും കക്ഷികൾക്കും പെരുമാറ്റച്ചട്ടമുണ്ട്. ആവശ്യമില്ലാതെ സംസാരിക്കാനോ ഉറക്കെ ചിരിക്കാനോ മൊബൈൽ ഫോൺ ഉപയോഗിക്കാനോ അനുവാദമില്ലാത്ത സ്ഥലമാണ് കോടതിമുറി. അങ്ങനെയുള്ള സ്ഥലത്താണ് ആഹ്ലാദപൂർവ്വം പ്രണയദിനം ആഘോഷിച്ചത്. സാധാരണ ഗതിയിൽ ആഘോഷങ്ങൾ നടത്തുക ബാർ അസോസിയേഷൻ ഹാളിലാണ്. കോടതിമുറി ഒഴിവാക്കി ഓഫീസ് മുറികളിലും നടത്താറുണ്ട്.

അഭിഭാഷകരിൽ ബഹുഭൂരിപക്ഷവും വിട്ടുനിന്നെങ്കിലും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണൽ അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം ഫത്തഹുദീൻ, സീനിയർ ഗവണ്മെന്റ് പ്ലീഡർ ശ്രീജ തുളസി, പ്ലീഡർ അജിത് മോഹൻ, ഭരണഘടനാ സ്ഥാപനമായ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ സ്റ്റാൻഡിങ് കോൺസൽ എസ് രമേശ് എന്നിവർ ആഘോഷത്തിൽ പങ്കെടുക്കാൻ കോടതിമുറിയിൽ എത്തിയിരുന്നു.