10 മിനിട്ട് നൃത്തം പഠിപ്പിക്കാൻ പ്രശസ്തനടി അഞ്ച് ലക്ഷം രൂപ ചോദിച്ചു. അഹങ്കാരമെന്ന് വിമർശിച്ച് മന്ത്രി ശിവൻകുട്ടി

Written by Taniniram

Published on:

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ ലക്ഷങ്ങള്‍ പ്രതിഫലം വേണമെന്ന് ഒരു നടി ആവശ്യപ്പെട്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ‘16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയില്‍ നടത്തുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളര്‍ന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോട് പത്ത് മിനിട്ട് ദൈര്‍ഘ്യമുള്ള നൃത്തം കുട്ടികളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചു. അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അഞ്ച് ലക്ഷം രൂപയാണ് അവര്‍ പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണിത്.’ മന്ത്രി പറഞ്ഞു.

‘ഇത്രവലിയ തുകനല്‍കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്താദ്ധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാന്‍ തീരുമാനിച്ചു.’ മന്ത്രി പ്രതികരിച്ചു. സ്‌കൂള്‍ കലോത്സവം വഴി മികച്ച കലാകാരി ആകുകയും അതുവഴി സിനിമയിലെത്തി അവിടെ വലിയ നിലയിലാകുകയും ചെയ്ത ചില നടിമാര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.ഇത്തരക്കാര്‍ പിന്‍തലമുറയ്ക്ക് മാതൃകയാകേണ്ടവരാണ് എന്നും കുറച്ച് സിനിമയും കുറച്ച് കാശും ആയപ്പോള്‍ കേരളത്തോട് ഇവര്‍ അഹങ്കാരം കാണിക്കുകയാണെന്നും മന്ത്രി വിമര്‍ശിച്ചു. എന്നാല്‍ നടി ആരാണെന്ന് മന്ത്രി വ്യക്തമാക്കിയില്ല. കേരളത്തിലെ 47 ലക്ഷം വിദ്യാര്‍ത്ഥികളോടാണ് ഈ നടി അഹങ്കാരം കാണിച്ചതെന്നും മന്ത്രി പറഞ്ഞു.

See also  പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ, തൃശൂർ ന​ഗരം സുരക്ഷാ വലയത്തിൽ

Leave a Comment