പ്ലസ്‌വണ്‍ പുസ്തകത്തിലെ വിവാദപരാമര്‍ശം ‘സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം’ എന്ന ഭാഗം പുസ്തകത്തില്‍ നിന്ന് നീക്കും

Written by Taniniram

Published on:

ഭരണഘടന വിഭാവനം ചെയ്യുന്ന സാമുദായിക സംവരണത്തിനു പകരം സാമ്പത്തിക സംവരണം വേണമെന്ന പ്ലസ് വണ്‍ സോഷ്യോളജി പാഠപുസ്‌കത്തിലെ പരാമര്‍ശം തിരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. 2014 ല്‍ അച്ചടിച്ച പുസ്തകത്തിലെ പിഴവ് ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

വിഷയം പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ വരുത്താന്‍ എസ്.സി.ഇ.ആര്‍.ടി.യ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്ലസ് വണ്‍ ക്ലാസുകളിലേക്കായി വേണ്ടി 2014 ല്‍ തയ്യാറാക്കിയ സോഷ്യല്‍വര്‍ക്ക് പാഠപുസ്തകമാണ് ഇപ്പോഴും നമ്മുടെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി വിദ്യാലയങ്ങളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഇതിലെ പ്രസ്തുത പാഠഭാഗത്തിലെ പിശക് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ തിരുത്തലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ മാത്രമാണ് നാം ഉപയോഗിച്ചിരുന്നത്. കുട്ടികള്‍ക്ക് മാതൃഭാഷയില്‍ പഠിക്കാന്‍ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് 2014ല്‍ ഇംഗ്ലീഷ് മാധ്യമത്തില്‍ തയാറാക്കിയ പാഠപുസ്തകങ്ങള്‍ യാതൊരു മാറ്റവും വരുത്താതെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. ഇത്തരത്തില്‍ തയ്യാറാക്കിയ എല്ലാ മലയാളം പാഠപുസ്തകങ്ങളും എസ്.സി.ഇ.ആര്‍.ടി വെബ്സൈറ്റിലാണ് നല്‍കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ പാഠപുസ്തകം 2019ല്‍ തയാറാക്കിയതാണെന്ന വാര്‍ത്ത തെറ്റാണ്.

ഹയര്‍ സെക്കന്‍ഡറി മേഖല ഉള്‍പ്പെടെയുള്ള എല്ലാ ക്ലാസുകളിലെയും പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. എല്ലാ വിഭാഗം ജനങ്ങളുമായി ആശയവിനിമയം നടത്തി പൊതുസമൂഹത്തിന്റെയാകെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചാണ് പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഇതിലൂടെ നിലവിലെ പാഠപുസ്തകങ്ങളുടെ സമഗ്രമായ പരിഷ്‌കരണമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി അറിയിച്ചു.

Related News

Related News

Leave a Comment