തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ അരളിപ്പൂ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ബോർഡ് ഉത്തരവിറക്കി. പൂജയ്‌ക്ക് ഉപയോഗിക്കാമെങ്കിലും അർച്ചന, നിവേദ്യം, പ്രസാദം എന്നിവയിൽ അരളിപ്പൂ ഉപയോഗിക്കരുതെന്നാണ് ഉത്തരവ്. അരളിപ്പൂവിന്റെ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രാസപരിശോധനാഫലം വരുന്നത് വരെ ഇടക്കാല തീരുമാനമെന്ന നിലയ്‌ക്കാണ് അരളിപ്പൂ ഒഴിവാക്കുന്നതെന്നും ഭക്തരുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനം സ്വീകരിച്ചതെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
ക്ഷേത്ര നിവേദ്യ സമർപ്പണത്തിന് തുളസി, പിച്ചി, മുല്ല, റോസ, ജമന്തി, തെച്ചി എന്നീ പുഷ്പങ്ങൾ ഉപയോഗിക്കാമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർദ്ദേശിക്കുന്നത്. പുഷ്പാഭിഷേകം, നിറമാല എന്നിവയ്‌ക്കായി അരളിപ്പൂ ഉപയോഗിക്കുന്നത് തത്കാലം വിലക്കിയിട്ടില്ല. ശാസ്ത്രീയമായ പരിശോധനാഫലത്തിൽ അരളിപ്പൂ വിഷമാണെന്ന് കണ്ടെത്തിയാൽ ക്ഷേത്രത്തിലെ ഒരു കാര്യങ്ങൾക്കും അരളിപ്പൂ ഉപയോഗിക്കില്ലെന്നും ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.
കേരളത്തിൽ അരളിപ്പൂവിന്റെ ഉപയോഗത്തിന് വിലക്കേർപ്പെടുത്തിയാൽ തമിഴ്നാട്ടിലെ വാണിജ്യ മേഖലയ്ക്ക് വലിയ തിരിച്ചടിയാണ്. വിലക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും.