Tuesday, May 20, 2025

‘സിനിമയിൽ കുറേക്കാലമായി സജീവമല്ല, ഹേമാ കമ്മിറ്റി റിപ്പോർട്ടിനേക്കുറിച്ച് ഇപ്പോൾ പറയാനാവില്ല’ കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി

Must read

- Advertisement -

കൊച്ചി (Kochi) : ഹേമാ കമ്മിറ്റി റിപ്പോർട്ട് ആദരിക്കപ്പെടേണ്ടതാണെന്നും അതിലെ തുടർകാര്യങ്ങൾ സംഘടനകൾ തീരുമാനിക്കേണ്ടതാണെന്നും കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. സർക്കാർ നിർദേശം കൂടി കണക്കിലെടുത്ത് സംഘടനകൾ തീരുമാനമെടുക്കണം.

സിനിമാമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കുറേക്കാലമായി സജീവമല്ലാത്തതുകൊണ്ട് റിപ്പോർട്ടിലെ പരാമർശങ്ങളെക്കുറിച്ച് വ്യക്തമായി പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവമുള്ളതാണെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ്. റിപ്പോർട്ട് സർക്കാർ വിശദമായി പഠിച്ച് പ്രശ്നപരിഹാരമുണ്ടാക്കണം.

സിനിമാ മേഖലയിൽ സ്ത്രീകൾ കടുത്ത വിവേചനവും ലൈംഗിക ചൂഷണവും നേരിടുന്നതായും എതിർത്താൽ അവസരം നിഷേധിക്കുന്നതായും കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിന്റെ സാംസ്കാരിക മുന്നേറ്റത്തിൽ നിർണായക പങ്കുള്ള സിനിമാരംഗത്തെ കളങ്കപ്പെടുത്തുന്നവർ നടപടിക്ക് വിധേയരാവണം. എല്ലാവരും മോശക്കാരാണെന്ന പ്രചാരണം പാടില്ലന്നും ഡി.വൈ.എഫ്.ഐ. ചൂണ്ടിക്കാട്ടി.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമഗ്രാന്വേഷണവും തുടർനടപടികളും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. മുഖ്യമന്ത്രിക്ക് കത്ത് നൽകി. സിനിമാ മേഖലയിൽ ക്രിമിനൽവത്‌കരണവും മാഫിയവത്‌കരണവുമാണെന്നും അഭിനേതാക്കൾക്കും സംവിധായകർക്കും സാങ്കേതികപ്രവർത്തകർക്കും എതിരേ വിലക്ക് ഏർപ്പെടുത്തിയതിനെക്കുറിച്ച് നേരത്തെ ഉയർന്ന പരാതികൾ ശരിവെക്കുന്നതാണ് റിപ്പോർട്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

ആഭ്യന്തര പരാതിപരിഹാരസമിതി പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും പരാതികൾ വേഗം തീർപ്പാക്കുന്നതിന് ട്രിബ്യൂണൽ സ്ഥാപിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് എൻ. അരുണും സെക്രട്ടറി ടി.ടി. ജിസ്‌മോനും ആവശ്യപ്പെട്ടു.

വിഷയത്തിൽ സർക്കാർ നിയമോപദേശം തേടുമെന്നാണ് വിവരം. റിപ്പോർട്ടനുസരിച്ചുമാത്രം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കുറ്റകൃത്യം ശ്രദ്ധയിൽപ്പെട്ടാൽ അന്വേഷണം നടത്തി നീതിനിർവഹണം നിറവേറ്റാൻ ഭരണകൂടത്തിനു ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

See also  മദ്യപിച്ച് വാഹനമോടിച്ച ആംബുലൻസ് ജീവനക്കാർക്കെതിരെ കേസ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article