മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ഒരിടത്തുപോലും കേരളമെന്നോ തൃശൂരെന്നോ പരാമര്‍ശമില്ല. 2024 ലെ നിര്‍ണ്ണായകമായ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആദ്യമായി സീറ്റ് നല്‍കിയത് തൃശൂരാണ്. എന്നാല്‍ സുരേഷ് ഗോപി പ്രഭാവം ബജറ്റിലുണ്ടായില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
എയിംസ് ജില്ലയിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു തൃശൂരുകാര്‍. അമൃത് മാതൃകയില്‍ ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള തീര്‍ഥാടന കേന്ദ്രങ്ങളുടെ പശ്ചാത്തല വികസനത്തിനു പ്രത്യേക പദ്ധതി. കോയമ്പത്തൂരിനെയും കൊച്ചിയെയും തൃശൂരിലൂടെ ബന്ധിപ്പിച്ചുകൊണ്ടൊരു ‘അര്‍ബന്‍ സ്ട്രിപ്’ മെട്രോ റെയില്‍ സംവിധാനം. മുസിരിസ് പദ്ധതിയെ രാജ്യാന്തര ഹെറിറ്റേജ് ടൂറിസം പദ്ധതിയാക്കി മാറ്റുക. തീരദേശത്തു ഹാര്‍ബര്‍ അടക്കം വലിയ വികസന പദ്ധതികള്‍ തുടങ്ങി ഒട്ടേറെ വികസന പദ്ധതികള്‍ക്ക് ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ സമ്പൂര്‍ണ്ണ നിരാശയായിരുന്നു ഫലം.