കൊച്ചി (Kochi) : കൊച്ചി കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ വിഐപി ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. (According to hospital sources, MLA Uma Thomas, who was injured after falling from the VIP gallery while attending a dance program at Kalur Stadium in Kochi, has recovered.)
വളരെ മോശം അവസ്ഥയിലായിരുന്നു ഉമ തോമസ് എംഎൽഎ ആശുപത്രിയിൽ എത്തിയതെന്ന് റെനൈ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു. അവിടെ നിന്ന് ഒരു ടീം വർക്കിന്റ ഭാഗമായാണ് ഇവിടം വരെ എത്തിയത്. വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്നും കുറച്ചു ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വരും എന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി.
ആശുപത്രിയിൽ എംഎൽഎയ്ക്ക് ഓഫീസ് സൗകര്യം ഒരുക്കാനാണ് തീരുമാനം. എല്ലാ അർത്ഥത്തിലും തിരിച്ചു വരുന്നുണ്ട്. എംഎൽഎയുടെ മനോധൈര്യം പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെന്റിലേറ്ററിൽ നിന്ന് മാറ്റി രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ അയാം ഓകെ എന്ന് ഉമ തോമസ് പറഞ്ഞു. അപകടത്തിന്റെ ദൃശ്യം എംഎൽഎയെ കാണിച്ചിരുന്നു എന്നും അത് കണ്ടതിൽ പിന്നെ വീട്ടിൽ പോകണം എന്ന് പറഞ്ഞിട്ടില്ലെന്നും ഡോക്ടർ കൃഷ്ണനുണ്ണി നൽകിയ പ്രതികരണത്തിൽ വിശദമാക്കി.