കൊച്ചി (Kochi) : കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണു ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃക്കാക്കര എംഎൽഎ ഉമ തോമസ് ഇന്ന് ആശുപത്രി വിടുന്നു. (Thrikkakara MLA Uma Thomas, who was undergoing treatment after falling from the gallery at Kalur Stadium, is leaving the hospital today.) കൊച്ചിയിലെ റെനൈ മെഡിസിറ്റിയിലെ 46 ദിവസം നീണ്ട ചികിത്സ പൂർത്തിയാക്കി ഉമ തോമസ് ഇന്ന് വീട്ടിലേക്ക് മടങ്ങും. ഏതാനും ആഴ്ചകൾക്കൂടി ഡോക്ടർമാർ വിശ്രമം നിർദേശിച്ചിട്ടുണ്ട്. സന്ദർശകർക്കും നിയന്ത്രണമുണ്ട്. എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും ഒരിക്കൽകൂടി നന്ദി പറയുന്നതായി ഉമ തോമസ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
ഡിസംബർ 29ന് കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മൃദംഗനാദം 2024 എന്ന നൃത്തപരിപാടിക്കിടെയായിരുന്നു ഉമ തോമസ് അപകടത്തിൽപെട്ടത്. വിഐപി ഗാലറിയിലൂടെ നടക്കുന്നതിനിടെ എംഎൽഎ 15 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെ സ്റ്റേഡിയത്തിൽ ഉള്ളപ്പോഴാണ് അപകടം. വീഴ്ചയുടെ ആഘാതത്തിൽ എംഎൽഎയുടെ തല കോൺക്രീറ്റ് ഭാഗത്ത് ഇടിച്ചതാണ് ഗുരുതര പരിക്കിന് ഇടയാക്കിയത്. ഉടൻതന്നെ എംഎൽഎയെ റെനൈ മെഡിസിറ്റിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സ ആരംഭിച്ചു.
വീഴ്ചയുടെ ആഘാതത്തിൽ തലച്ചോറിനും നട്ടെല്ലിനും ശ്വാസകോശത്തിനുമാണ് പരിക്കേറ്റിരുന്നത്. ആരോഗ്യനിലയിൽ പുരോഗതി കൈവരിച്ചതിനെ തുടർന്ന് ജനുവരി നാലിന് എംഎൽഎയെ വെൻ്റിലേറ്ററിൽനിന്ന് മാറ്റി. തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യനിലയിൽ മികച്ച പുരോഗതി ഉണ്ടായതിനെ തുടർന്ന് ജനുവരി എട്ടിന് മുറിയിലേക്ക് കൊണ്ടുവന്നു. ജനുവരി ഒടുവിൽ ആശുപത്രിവെച്ച് ആദ്യമായി പൊതു പരിപാടിയിൽ വെർച്വലായും എംഎൽഎ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ആർ ബിന്ദു, മുതിർന്ന കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ ആശുപത്രിയിൽ എത്തിയിരുന്നു.
അതേസമയം അപകടത്തെ തുടർന്ന് പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷൻ എംഡി നിഗോഷ് കുമാർ ഉൾപ്പെടെ ഉള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെെന്നാണ് കണ്ടെത്തൽ. പിപിആർ ലൈസൻസില്ലാതെ സ്റ്റേഡിയത്തിൽ സ്റ്റേജ് നിർമിച്ച സംഭവത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ എഎം നീതയെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവസ്ഥലത്തെത്തി കാര്യങ്ങൾ പരിശോധിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി.
ഉമ തോമസിന് പരിക്കേറ്റതിനിടയിലും പരിപാടി തുടർന്നതിൽ സംഘാടകർക്ക് ഹൈക്കോടതിയുടെ ഉണ്ടായി. അപകടത്തിന് കാരണം കൊച്ചി കോർപറേഷൻ്റെ അലംഭാവമാണെന്ന് ആരോപിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചിരുന്നു.