യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എക്‌സൈസിന് തിരിച്ചടി. കേസില്‍ മൊഴി മാറ്റി നിര്‍ണായക സാക്ഷികള്‍. എംഎല്‍എയുടെ മകന്‍ കനിവ് കഞ്ചാവ് ഉപയോഗിക്കുന്നത് തങ്ങള്‍ കണ്ടില്ലെന്നാണ് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ മുന്‍പാകെ പുതിയ മൊഴി നല്‍കിയിരിക്കുന്നത്.
കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് എക്‌സൈസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. അതേസമയം എംഎല്‍എയുടെ മകന്‍ കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനിവിനെ കേസില്‍ നിന്നും ഒഴിവാക്കും. കനിവ് അടക്കം ഒമ്പത് പേരെയായിരുന്നു കേസില്‍ പ്രതി ചേര്‍ത്തത്. പ്രതിഭ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
എന്നാല്‍ കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തത് മെഡിക്കല്‍ പരിശോധന ഇല്ലാതെയാണെന്നും മകനെ എക്സൈസ് സംഘം ദേഹോപദ്രവം ചെയ്തതിനാല്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും എംഎല്‍എ മൊഴി നല്‍കിയിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കുട്ടനാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയരാജനെതിരെ നടപടിയുണ്ടാകും.