തൃശൂർ (THRISSUR) : പാലപ്പിള്ളി കുണ്ടായി (Palapilly Kundayi)യില്‍ രണ്ടാഴ്ച മുന്‍പ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ പശുവിനെയാണ് വീണ്ടും പുലിയിറങ്ങി കൊന്നത്. കുണ്ടായി കൊല്ലേരി കുഞ്ഞുമുഹമ്മദിന്‍റെ (Kundayi Kolleri of Kunju Mohammad) പശുവിനെയാണ് പുലി കൊന്നത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെ വെള്ളം കൊടുക്കാന്‍ എത്തിയ വീട്ടുകാരാണ് തോട്ടത്തില്‍ പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പശുവിനെ ആക്രമിച്ചത് പുലിയാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
കോഴിക്കോട് കുറ്റ്യാടിയിലെ പശുക്കടവിലും കഴിഞ്ഞ ദിവസം പുലിയിറങ്ങിയതായി നാട്ടുകാർ പറഞ്ഞു. ഇവിടെ കര്‍ഷകന്‍റെ വളര്‍ത്തുനായയെ പുലി കടിച്ചു കൊന്നുതിന്നു എന്നാണ് പരാതി. എക്കല്‍ മല പൃക്കന്‍തോട്ടിലെ കോഞ്ഞാട്ട് സന്തോഷിന്റെ വീട്ടിലെ നായയെയാണ് ഭൂരിഭാഗവും ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നായയെ വീടിന് പിറകില്‍ കെട്ടിയിട്ടതായിരുന്നു. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു ആക്രമണം. രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് നായയെ കൊന്ന് ഭൂരിഭാഗവും തിന്ന നിലയിൽ കണ്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ എക്കലില്‍ നാട്ടുകാര്‍ പുലിയെ കണ്ടിരുന്നു. തുടര്‍ന്ന് വനംവകുപ്പ് നിരീക്ഷണ കാമറ ഘടിപ്പിച്ചു. എന്നാല്‍ കാമറയില്‍ ഇതുവരെ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല. നായയെ പുലി കൊന്ന വാര്‍ത്ത കൂടി പരന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസം പൂഴിത്തോട് ഭാഗത്ത് കണ്ട പുലി തന്നെയാണ് കടന്തറ പുഴയ്ക്ക് അക്കരെയുള്ള മരുതോങ്കര പഞ്ചായത്തിലെ എക്കല്‍, പൃക്കന്‍തോട് ഭാഗത്ത് എത്തിയത് എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. വനം വകുപ്പ് അധികൃതര്‍ പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തും വനം വകുപ്പും പൊലീസ് അധികൃതരും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.