കോഴിക്കോട് (Calicut) : ചോദ്യപേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്‌റ്റഡിയിൽ. (Two teachers of MS Solutions in custody in question paper leak case.) ചോദ്യം ചെയ്യൽ തുടരുകയാണ്. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം വിശദാംശങ്ങൾ നൽകാമെന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി.
ഇവരാണ് യൂട്യൂബ് ചാനൽ വഴി ചോദ്യങ്ങൾ അവതരിപ്പിച്ചതെന്ന് അന്വേഷണം സംഘം പറഞ്ഞു. കേസിലെ മുഖ്യ പ്രതി എം എസ് സൊല്യൂഷൻസ് സിഇഒ എം ഷുഹൈബിനായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിട്ടും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
ചോദ്യം ചെയ്യലിന് ഹാജരാകാൻ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹൈബ് ഹാജരായിരുന്നില്ല. ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഇട്ടതും ഷുഹൈബിനെ അടക്കം പ്രതി ചേർത്തതും.
വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. എം എസ് സൊല്യൂഷൻ ഓഫിസിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ എന്നിവയും ഫോറൻസിക് പരിശോധനക്ക് അയച്ചിരുന്നു.