തൃശൂർ: ദേശീയപാത കുതിരാനിലെ ഇരട്ട തുരങ്കങ്ങളിലെ ഇടതു തുരങ്കം അടച്ചു. പാലക്കാട്ടുനിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്ന തുരങ്കമാണ് അറ്റകുറ്റപ്പണികൾക്കായി അടച്ചത്. ഇതേത്തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
തുരങ്കത്തിനുള്ളിൽ മുകൾ ഭാഗത്ത് ഗാൻട്രി കോൺക്രീറ്റിങ് നടത്തുന്ന പ്രവൃത്തികളാണ് പ്രധാനമായും നടക്കുക. ഇതിനുള്ള ഗാൻട്രിയും സജ്ജമാക്കി. രണ്ടാഴ്ചയ്ക്കുള്ളിൽ കോൺക്രീറ്റിങ് ജോലികൾ തുടങ്ങി നാല് മാസത്തിനകം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു. കോൺക്രീറ്റിങ്ങിനു മുന്നോടിയായി തുരങ്കത്തിനുള്ളിലെ ലൈറ്റുകൾ, എക്സോസ് ഫാനുകൾ, ക്യാമറകൾ എന്നിവയെല്ലാം അഴിച്ചു മാറ്റും.
ഇടതു തുരങ്കത്തിൽ ഗതാഗതം നിരോധിച്ചതിനെ തുടർന്ന് വാഹനങ്ങൾ പാലക്കാട് ഭാഗത്തേക്കുള്ള വലത് തുരങ്കത്തിലൂടെ ഇരുവശത്തേക്കുമായി കടത്തി വിടുകയാണ്.
തൃശൂർ ഭാഗത്തേക്ക് വരുമ്പോൾ ഒരു കിലോമീറ്റർ മുന്നിൽ വച്ച് മമ്മദ്പടി ഭാഗത്ത് ഒറ്റവരിയായി ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. ഈ ഭാഗത്ത് വാഹനങ്ങൾ കടന്നു പോകാൻ ബുദ്ധിമുട്ടുള്ളതിനാൽ കഴിഞ്ഞ ദിവസം റോഡിന്‍റെ വീതി കൂട്ടിയിരുന്നു.