ശിവഭഗവാനെ രാപ്പകൽ ഭജിച്ച് ഭക്തർ നിർവൃതികൊള്ളുന്ന മഹാശിവരാത്രി ഇന്ന്. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി നാളിലാണ് മഹാശിവരാത്രി. വ്രതശുദ്ധിയോടെ ഭക്തർ ഇന്ന് ക്ഷേത്രങ്ങളിൽ രാത്രി മുഴുവൻ ഉറക്കമിളച്ച് ശിവഭജനം നടത്തും. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ, ഹോമം, അഭിഷേകം, എഴുന്നള്ളത്ത് എന്നിവ ഉണ്ടായിരിക്കും.
സംസ്ഥാനത്തെ വിവിധ ശിവക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ നടക്കും. കലാപരിപാടികളും അരങ്ങേറും, ആലുവ ശിവക്ഷേത്രത്തിൽ ആയിരക്കണക്കിന് ഭക്തർ ദർശനത്തിനെത്തും. ബലി തർപ്പണത്തിന് 116 ബലിത്തറകൾ ഒരുക്കിയിട്ടുണ്ട്. വൈകിട്ട് നാലു മുതൽ നാളെ ഉച്ചക്ക് 2 മണി വരെ ആലുവയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ശിവഭജനവും ഉറക്കമൊഴിയലും
പാലാഴി മഥനം നടത്തിയപ്പോൾ രൂപംകൊണ്ട കാളകൂടവിഷം ലോകരക്ഷാർത്ഥം പരമേശ്വരൻ പാനം ചെയ്തു. വിഷം അകത്ത് ചെല്ലാതിരിക്കാൻ പാർവതീദേവി കണ്ഠത്തിൽ മുറുക്കിപ്പിടിച്ചു. പുറത്തു വരാതിരിക്കാൻ വിഷ്ണു ഭഗവാൻ വായ പൊത്തിപ്പിടിച്ചു. മഹേശ്വരന് ആപത്തൊന്നും വരാതിരിക്കാൻ പാർവതീദേവിയും ദേവകളും ഉറക്കമിളച്ച് പ്രാർത്ഥിച്ച ആ ദിവസമാണ് ശിവരാത്രിയെന്നാണ് വിശ്വാസം.
മഹാ ശിവരാത്രി 2024
ചതുര്‍ദശി തിഥി മാര്‍ച്ച് എട്ട് രാത്രി 9.57ന് ആരംഭിക്കുകയും ഒന്‍പതാം തീയതി വൈകുന്നേരും 6.17ന് അവസാനിക്കുകയും ചെയ്യും.
ശംഖുപുഷ്പം
ശിവരാത്രിയോട് അനുബന്ധിച്ച് നടത്തുന്ന പൂജാ ചടങ്ങുകളില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് ശംഖുപുഷ്പം. പാലാഴി മഥനം നടത്തിയപ്പോള്‍ രൂപം കൊണ്ട കാളകൂടവിഷത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ ശിവന്‍ അത് കുടിച്ചു. പരമശിവൻ വിഷം കുടിക്കുന്നത് കണ്ട പാർവ്വതി മുഴുവൻ വിഷവും ഇറക്കാതിരിക്കാൻ ശിവന്റെ കഴുത്തിൽ അമർത്തി പിടിച്ചു. ഇത് മൂലം ശിവന്റെ തൊണ്ട നീലനിറമായി മാറി. ഇങ്ങനെയാണ് ശിവന് നീലകണ്ഠന്‍ എന്ന പേര് വന്നതെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ശിവരാത്രി ദിനത്തില്‍ ശംഖുപുഷ്പം അര്‍പ്പിച്ചാണ് ശിവനെ പൂജിക്കുക.