ഇന്ന് വീണാ വിജയന്റെ നിർണായക ദിനം…

Written by Web Desk1

Published on:

കൊച്ചി ∙ എക്സാലോജിക് സൊലൂഷൻസ് കമ്പനി (Exalogic Solutions Company) ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി.വീണ എസ്എഫ്ഐഒ (S.F.I.O) അന്വേഷണത്തിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് നൽകിയ ഹർജി കർണാടക ഹൈക്കോടതി (High Court of Karnataka) യും ഇന്നു പരിഗണിക്കും. രാവിലെ 10.30ന് ജസ്റ്റിസ് എം.നാഗപ്രസന്ന (Justice M. Nagaprasanna) യുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

കരിമണൽ കമ്പനിയായ സിഎംആർഎലിൽനിന്ന് എക്സാലോജിക് സൊലൂഷൻസ് കമ്പനി (Exalogic Solutions Company) ക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം. എസ്എഫ്ഐഒ, കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം എന്നിവരെ എതിർകക്ഷികളാക്കിയാണ് വീണയുടെ ഹർജി.

സിഎംആർഎലും എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി വിവിധ രേഖകൾ ആവശ്യപ്പെട്ടു വീണയ്ക്ക് എസ്എഫ്ഐഒ സമൻസ് നൽകിയിരുന്നു. നേരത്തേ സിഎംആർഎലിലും കെഎസ്ഐഡിസിയിലും നേരിട്ടുള്ള പരിശോധനയ്ക്കു മുന്നോടിയായി നൽകിയ നോട്ടിസാണ് വീണയുടെ കമ്പനിക്കും നൽകിയത്. കമ്പനിയുടെ സേവനം, സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകളാണ് നൽകേണ്ടത്.

എസ്എഫ്ഐഒ അന്വേഷണത്തിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ വീണ നൽകിയ റിട്ട് ഹർജിക്കൊപ്പം ഈ സമൻസ് രേഖയും ഹാജരാക്കിയിട്ടുണ്ട്. ജനുവരി 31ലെ അന്വേഷണ ഉത്തരവു തന്നെ റദ്ദാക്കണമെന്നും വീണയുടെ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിക്കാൻ ആധാരമായ എല്ലാ രേഖകളും കോടതി വിളിച്ചുവരുത്തി തങ്ങൾക്കു കൈമാറണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.

അതേസമയം, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹർജിയും അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കെഎസ്ഐഡിസി നൽകിയ ഹർജിയും ഇന്നു കേരള ഹൈക്കോടതി പരിഗണിക്കും.

Related News

Related News

Leave a Comment