തൃശൂര്‍ (Thrissur) : ഗുരുവായൂര്‍ കണ്ണനെ ഒരുനോക്ക് കാണാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തര്‍ ഒഴുകിയെത്തി ക്ഷേത്രനഗരിയില്‍ രാപകലുകള്‍ വ്യത്യാസമില്ലെന്ന് തോന്നിപ്പിച്ച പത്തുദിവസം നീണ്ടുനിന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ഇന്ന് ആറാട്ടോടെ സമാപനം. ഗുരുവായൂരപ്പന്റെ പരിപൂര്‍ണ ചൈതന്യമുള്ള പഞ്ചലോഹത്തിടമ്പ് എഴുന്നള്ളിച്ച് പരിവാര ദേവതകള്‍ക്ക് തന്ത്രി ഹവിസ് തൂവും. സന്ധ്യയ്ക്ക് സ്വര്‍ണ്ണപഴുക്കാമണ്ഡപത്തില്‍ ദീപാരാധന. തുടര്‍ന്ന് കുളപ്രദക്ഷിണമായി ആറാട്ട് എഴുന്നള്ളിപ്പിന് കൊമ്പന്‍ നന്ദന്‍ സ്വര്‍ണ്ണക്കോലം എഴുന്നള്ളിക്കും. പഞ്ചവാദ്യം അകമ്പടിയാകും. രാത്രി രുദ്ര തീര്‍ത്ഥക്കടവിലാണ് ആറാട്ട്. പിന്നെ ഭഗവതി ക്ഷേത്രത്തില്‍ പൂജ. 11 ഓട്ടപ്രദക്ഷിണം എന്നിവയ്ക്ക് ശേഷം അര്‍ധരാത്രിയോടെ ഉത്സവം കൊടിയിറങ്ങും.
ആറാട്ട് ചടങ്ങ്
പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിച്ച ഭഗവാന്‍ ഇന്ന് രാവിലെ പശുക്കുട്ടിയുടെ കരച്ചില്‍ കേട്ടാണ് പള്ളിയുണര്‍ന്നത്. പശുക്കുട്ടിയെ കുളിപ്പിച്ച് കുറി തൊടീച്ച് ഉദയത്തിനു മുന്‍പായി നാലമ്പലത്തില്‍ എത്തിച്ചു. പശുക്കുട്ടിയും കണിക്കോപ്പുകളും കണ്ടുണര്‍ന്നു തിരക്കിട്ട് പ്രഭാത ചടങ്ങുകളായി. തങ്കത്തിടമ്പിന് കടലാടി ചമത കൊണ്ട് പല്ലുതേച്ച് താമരപ്പൊയ്കയില്‍ നീരാട്ട് നടത്തി. അഞ്ജനം കൊണ്ട് കണ്ണെഴുതി, ഗോരോചനക്കുറി തൊട്ട് ദശപുഷ്പമാലയണിഞ്ഞ് പുരാണവായന കേട്ട് ശ്രീലകത്തേക്ക് എഴുന്നള്ളിച്ചു.
ഇന്ന് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഉത്സവവിഗ്രഹമാണ് എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത്. വൈകീട്ടാണ് നഗരപ്രദക്ഷിണം. പഞ്ചവാദ്യത്തോടുകൂടിയാണ് പ്രദക്ഷിണം നടത്തുന്നത്. പുരാണങ്ങളിലെ നിരവധി സംഭവങ്ങള്‍ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനര്‍ജനിയ്ക്കുന്നത് കാണാം. തുടര്‍ന്ന് ആറാട്ടിനായി ഭഗവാന്റെ തിടമ്പ് രുദ്രതീര്‍ത്ഥത്തിലേക്ക് (ക്ഷേത്രക്കുളത്തില്‍) കൊണ്ടുപോകുന്നു. ആറാട്ടിന് ഭഗവാന് അഭിഷേകം ചെയ്യാനുള്ള ഇളനീരുമായി പാരമ്പര്യാവകാശികളായ തമ്പുരാന്‍പടിക്കല്‍ കിട്ടയുടെ കുടുംബക്കാര്‍ എത്തും. ആറാട്ടു കടവില്‍ അഭിഷേകം ചെയ്യാനുള്ള ഇളനീര്‍ എത്തിക്കാനുള്ള പാരമ്പര്യാവകാശം ഈ കുടുംബത്തിനാണ്. ആറാട്ട് സമയത്ത് മന്ത്രങ്ങള്‍ ഉരുവിടുന്നു. ആയിരക്കണക്കിന് ഭക്തര്‍ പാപങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനായി ഭഗവാന്റെ നാമം ജപിച്ചുകൊണ്ട് സ്‌നാനം ചെയ്യുന്നു.
ആറാട്ടിനുശേഷം ഭഗവതി അമ്പലത്തില്‍ ഉച്ചപ്പൂജ. ആറാട്ടുദിവസം മാത്രമേ ഭഗവാന് ശ്രീലകത്തിനു പുറത്ത് ഉച്ചപ്പൂജ പതിവുള്ളൂ. ആറാട്ട് ദിവസം രാത്രി 11 മണിയോടെയാണ് ഉച്ചപ്പൂജ. അതിനുശേഷം കിഴക്കേ ഗോപുരത്തിലൂടെ അകത്തു പ്രവേശിച്ച്, 11 വട്ടം ഓട്ടപ്രദക്ഷിണം. അവസാനം കൊടിയിറക്കം.
പള്ളിവേട്ട
ഗുരുവായൂര്‍ ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ നടന്ന പള്ളിവേട്ട ആഘോഷമായി. ഉത്സവം ഒമ്പതാം ദിവസമായ ചൊവ്വാഴ്ച രാത്രി പത്തോടെ പ്രദക്ഷിണവഴിയില്‍ പന്നി, പക്ഷിമൃഗാദി വേഷധാരികള്‍ നിറഞ്ഞാടിയപ്പോള്‍ പിടിയാന ദേവിയെ വാഹനമാക്കി സങ്കല്‍പ്പമനുസരിച്ച് ശ്രീകൃഷ്ണന്‍ പന്നിവേഷധാരിയെ വേട്ടയാടിയതോടെ ഒമ്പതാം നാളിലെ പള്ളിവേട്ട സമാപിച്ചു. പുതിയേടത്ത് പിഷാരടി ‘പന്നിമാനുഷങ്ങളുണ്ടോ’ എന്ന് മൂന്ന് വട്ടം ചോദിച്ചതോടെയാണ് പള്ളിവേട്ട ആരംഭിച്ചത്. മനുഷ്യ ജീവിതത്തില്‍ ബാധിക്കുന്ന കാമം (ആഗ്രഹം), ക്രോധം (കോപം) തുടങ്ങിയ ദുഷ്ടശക്തികളുടെ നാശത്തിന്റെ പ്രതീകമാണ് ഈ വേട്ട.
കല്യാണമണ്ഡപത്തിനടുത്ത് ചെന്ന് നിന്നതിനുശേഷം മൂന്ന് തവണ ശംഖ്‌നാദം മുഴക്കി. തുടര്‍ന്ന് പക്ഷിമൃഗാദികളുടെ വേഷമണിഞ്ഞവര്‍ കൂട്ടത്തോടെ ആര്‍പ്പുവിളിച്ച് ക്ഷേത്രത്തിനകത്തേക്ക് ഓട്ടമായി. ഒറ്റച്ചെണ്ട, ശംഖ്, ചേങ്ങിലയെന്നിവ അകമ്പടിയായി. ഒമ്പത് ചുറ്റ് പ്രദക്ഷിണം പൂര്‍ത്തിയാക്കി പന്നിയെ വേട്ടയാടി എന്ന സങ്കല്‍പ്പത്തോടെയാണ് നായാട്ട് പൂര്‍ണമായത്. പന്നിവേട്ട കഴിഞ്ഞ് വരുന്ന ദേവന്‍ വിശ്രമത്തിനായി ഉറങ്ങുന്നുവെന്ന സങ്കല്‍പ്പത്തില്‍ പിന്നെ പള്ളിയുറക്കമായി.
പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം എഴുന്നള്ളിപ്പിന് അകമ്പടിയായപ്പോള്‍ ഗുരുവായൂരിന് മാത്രം സ്വന്തമായ കൃഷ്ണനാട്ടം കളരിയിലെ കലാകാരന്മാര്‍ വാളും പരിചയുമേന്തിയെത്തിയും, കൊടി, തഴ, സൂര്യമറ എന്നിവയും അകമ്പടിയായി അണിനിരന്നതും ആകര്‍ഷകമായി. നഗരപ്രദക്ഷിണത്തിനായി നീങ്ങിയ എഴുന്നള്ളിപ്പിന് ശര്‍ക്കര, പഴം അവില്‍, മലര്‍ എന്നിവകൊണ്ട് നിറപറയും നിലവിളക്കുമായി വഴിനീളെ ജനങ്ങള്‍ എതിരേറ്റു. പ്രദക്ഷിണത്തിന് കൊമ്പന്‍ ദാമോദര്‍ദാസ് സ്വര്‍ണക്കോലമേറ്റി. പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കേ ഗോപുരത്തില്‍ക്കൂടി ക്ഷേത്രമതിലകത്ത് പ്രവേശിച്ച എഴുന്നള്ളിപ്പ് വടക്കേ നടപ്പുരയിലെത്തി അവസാനിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിനകത്തേക്ക് പള്ളിയുറക്കത്തിനായി എഴുന്നള്ളിച്ചു.